arnab-

ന്യൂഡൽഹി: റിപ്പബ്ലിക് ടി.വി.എഡിറ്റർ അർണബ് ഗോസ്വാമിക്ക് അവകാശ ലംഘന നോട്ടീസ് നൽകിയതുമായി ബന്ധപ്പെട്ട കേസിൽ മഹാരാഷ്ട്രാ നിയമസഭാ സെക്രട്ടറിക്ക് സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. കോടതിയെ സമീപിച്ചതിന് പരാതിക്കാരനെ ഭീഷണിപ്പെടുത്തുകയാണ് കത്തിലൂടെ ചെയ്തിരിക്കുന്നതെന്ന് നീരീക്ഷിച്ച ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അവകാശ ലംഘന കേസിൽ അർണബിനെ അറസ്റ്റ് ചെയ്യുന്നതും തടഞ്ഞു. ഇക്കാര്യത്തിൽ ശിക്ഷിക്കപ്പെടാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് നോട്ടീസിൽ സുപ്രീം കോടതി നിർദേശിച്ചു.

അർണബിനായി ഹാജരായ സീനിയർ അഭിഭാഷകൻ ഹരീഷ് സാൽവെ, ടി.വി.അർണബിനെ ചോദ്യം ചെയ്തുകൊണ്ടുള്ള സെക്രട്ടറിയുടെ കത്തിന്റെ ഉള്ളടക്കം കോടതിയെ വായിച്ചു കേൾപ്പിച്ചു. സ്പീക്കറുടെയും പ്രിവിലേജ് കമ്മിറ്റിയുടെയും ആശയവിനിമയം രഹസ്യസ്വഭാവമുള്ളതിനാൽ, കോടതിയുടെ മുമ്പാകെ ഹാജരാക്കിയ കത്തിൽ ചീഫ് ജസ്റ്റിസ് എസ്.എ ബോഡ്‌ബെ ഞെട്ടൽ രേഖപ്പെടുത്തി.

'ഇത് പറയാൻ അദ്ദേഹത്തിന് എങ്ങനെ ധൈര്യം വന്നു? ആർട്ടിക്കിൾ 32 എന്തിനുവേണ്ടിയാണ്?."- ബോബ്ഡെ ചോദിച്ചു.

'നീതി ഭരണനിർവഹണത്തിൽ ഗുരുതരമായ ഇടപെടൽ' ആണെന്നും സുപ്രീംകോടതിയെ സമീപിച്ചതിന് ഒരു പൗരനെ ഭയപ്പെടുത്തുകയാണ് ഇതിന്റെ ഉദ്ദേശ്യമെന്നും ജസ്റ്റിസുമാരായ എ .എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യം എന്നിവരുൾപ്പെട്ട ബെഞ്ച് അഭിപ്രായപ്പെട്ടു. കേസിൽ അമിക്കസ് ക്യൂറിയായി സീനിയർ അഭിഭാഷകൻ അരവിന്ദ് ദത്തറിനെ നിയോഗിച്ചു.