bipin-rawath

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ കരുത്തുറ്റ പ്രതികരണം മൂലം ചൈനയ്‌ക്ക് അതിർത്തിയിൽ അപ്രതീക്ഷിത തിരിച്ചടിയാണ് നേരിടേണ്ടിവന്നതെന്നും കാര്യങ്ങൾ കൈവിട്ടു പോയാൽ ഭാവിയിൽ യുദ്ധ സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് പറഞ്ഞു.

യഥാർത്ഥ നിയന്ത്രണരേഖയിൽ നിന്ന് ഒരിഞ്ച് പോലും ഇന്ത്യ മാറില്ലെന്നും അതിർത്തിയിൽ വരുത്തിവച്ച അനർത്ഥത്തിന്റെ പ്രത്യാഘാതമാണ് ചൈന അനുഭവിക്കുന്നതെന്നും നാഷണൽ ഡിഫൻസ് കോളേജ് വെബിനാറിൽ സംസാരിക്കവെ ജനറൽ റാവത്ത് ചൂണ്ടിക്കാട്ടി. അതിർത്തി തർക്കങ്ങൾ പരിഹരിക്കാൻ ചുഷൂലിൽ ഇന്ത്യാ-ചൈനാ കമാൻഡർ തല ചർച്ച നടക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ പ്രസ്‌താവനയെന്നത് ശ്രദ്ധേയമായി.

' കിഴക്കൻ ലഡാക്ക് അതിർത്തിയിൽ നമ്മളുടെ നിലപാട് വളരെ സ്പഷ്‌ടമാണ്. നിയന്ത്രണരേഖയിൽ യാതൊരു മാറ്റവും അംഗീകരിക്കില്ല. നിലവിൽ ചൈനയുമായി സമ്പൂർണ യുദ്ധത്തിന് സാദ്ധ്യതയില്ല. എന്നാൽ അതിർത്തിയിലെ സംഘട്ടനങ്ങളും കടന്നുകയറ്റവും വലിയ സംഘർഷമായി രൂപം കൊള്ളാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല. ഇന്ത്യയ്‌ക്കും ചൈനയ്‌ക്കുമിടയിൽ മത്സരാധിഷ്‌ഠിത ബന്ധമാണ് ഭാവിയിൽ ഉണ്ടാകാൻ പോകുന്നത്.

മുമ്പ് ഇന്ത്യയുമായി യുദ്ധം ചെയ്‌ത ആണവ ശക്തികളായ രണ്ട് അയൽ രാജ്യങ്ങൾ തമ്മിലുള്ള കൂട്ടുകെട്ടും രഹസ്യധാരണകളും ഭാവിയിൽ ഇന്ത്യയ്‌ക്ക് ഭീഷണിയായി തുടരും. ഇസ്ളാമിക ഭീകരതയുടെ കേന്ദ്രമായ പാകിസ്ഥാൻ സമൂഹമാദ്ധ്യമങ്ങൾ വഴി ഇന്ത്യയുടെ സമാധാനം കെടുത്താൻ വർഗീയ കാർഡ് വച്ച് കളിക്കുന്നു. പാക് ചാര സംഘടനയായ ഐ.എസ്.ഐ മൂന്നു ദശകമായി നിഴൽ യുദ്ധം നടത്തുകയാണ്. സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തര പ്രശ്‌നങ്ങളും അധികാര തർക്കങ്ങളും പാകിസ്ഥാനെ സമീപ ഭാവിയിൽ കൂടുതൽ അസ്ഥിരമാക്കും. ഇതിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് കാശ്‌മീർ അജണ്ടയുമായി വരുന്നതും അവരുടെ സൈന്യത്തെ ഇന്ത്യയ്‌ക്ക് നേരെ തിരിച്ചു വിടുന്നതും. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം തുടർന്നാൽ ഇന്ത്യൻ സേനയിൽ നിന്ന് തക്കതായ മറുപടി ലഭിക്കും. ഉറി ഭീകരാക്രമണത്തിനുള്ള ശക്തമായ മറുപടിയായിരുന്നു ബാലക്കോട്ട് വ്യോമാക്രമണം.

ഇന്ത്യ കൂടുതൽ വളരുന്തോറും പുറത്തു നിന്നുള്ള ഭീഷണിയും കൂടും. എന്നാൽ സൈനികാവശ്യങ്ങൾക്ക് വ്യക്തിഗത രാജ്യങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാനും ഉപരോധങ്ങളുടെ ഭീഷണി മറികടക്കാനും സ്വാശ്രയത്വം നേടേണ്ടതുണ്ട്. ഇതിനായി പ്രതിരോധ നിർമ്മാണ മേഖലലയിൽ ദീർഘകാല നിക്ഷേപങ്ങൾ അനിവാര്യമാണെന്നും ബിപിൻ റാവത്ത് പറഞ്ഞു.

ഇന്ത്യ-ചൈനാ കമാൻഡർമാരുടെ എട്ടാം റൗണ്ട് ചർച്ച തുടങ്ങി

അതിർത്തിയിൽ സമാധാനം നിലനിറുത്താൻ ലക്ഷ്യമിട്ട് ഇന്ത്യ-ചൈനാ കമാൻഡർമാരുടെ എട്ടാം റൗണ്ട് കൂടിക്കാഴ്ച ചുഷൂലിൽ തുടങ്ങി. രാത്രി വൈകിയും തുടരുന്ന ചർച്ചയുടെ വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല. ഇരുരാജ്യങ്ങളിലെയും നേതാക്കൾ തമ്മിലുണ്ടാക്കിയ ധാരണകൾ നടപ്പാക്കാനും ഭിന്നതകൾ തർക്കങ്ങളിലേക്ക് എത്താതിരിക്കാൻ ശ്രമിക്കാനുമുള്ള നടപടികൾക്കാണ് ഇന്നലത്തെ ചർച്ചയിലും ഇരുപക്ഷവും ഊന്നൽ നൽകുന്നതെന്ന് അറിയുന്നു.

ഒക്‌ടോബർ 12ന് നടന്ന ഏഴാം ഘട്ട ചർച്ചയിൽ കാര്യമായ തീരുമാനങ്ങളുണ്ടായില്ലെങ്കിലും അതിനു ശേഷം അതിർത്തിയിൽ സംഘർഷങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ലേയിലെ ഫയർ ആൻഡ് ഫ്യൂരി 14-ാം കോർപ്‌സിന്റെ പുതിയ കമാൻഡറും മലയാളിയുമായ ലെഫ്. ജനറൽ പി.ജി.കെ. മേനോനാണ് ഇന്നലെ ഇന്ത്യൻ സംഘത്തെ നയിച്ചത്. ചൈനീസ് സംഘത്തിന് മേജർ ജനറൽ ലിയൂ ലിനിനാണ് നേതൃത്വം നൽകിയത്.