ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിലെയും പരിസര പ്രദേശങ്ങളിലെയും അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനും വായു ഗുണനിലവാരം ഉറപ്പുവരുത്താനും ലക്ഷ്യമിട്ടുള്ള കമ്മിഷന്റെ അദ്ധ്യക്ഷനായി മുൻ ഡൽഹി ചീഫ് സെക്രട്ടറിയും മലയാളിയുമായ ഡോ. എം.എം കുട്ടിയെ നിയോഗിച്ചു. മലിനീകരണം തടയാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് പ്രകാരമാണ് കമ്മിഷൻ രൂപീകരിക്കുന്നത്.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ അദ്ധ്യക്ഷനായ സമിതിയാണ് എം.എം.കുട്ടിയെ തിരഞ്ഞെടുത്തത്. ഇദ്ദേഹം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, പെട്രോളിയം, ധനകാര്യ മന്ത്രാലയങ്ങളിൽ സെക്രട്ടറി അടക്കം കേന്ദ്രസർക്കാരിൽ നിരവധി ഉന്നത പദവികളും വഹിച്ചിരുന്നു. 1985 ബാച്ച് എ.ജി.എം.യു.ടി കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. ഇക്കഴിഞ്ഞ ഏപ്രിലിൽ കേന്ദ്ര സർവീസിൽ നിന്ന് വിരമിച്ചിരുന്നു. വായുഗുണനിലവാര കമ്മിഷൻ അദ്ധ്യക്ഷ പദവിയിൽ മൂന്നു വർഷം അല്ലെങ്കിൽ 70 വയസ് തികയും വരെ തുടരാം.
കമ്മിഷൻ മുഴുവൻ സമയ അംഗമായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സെക്രട്ടറി അരവിന്ദ് നൗതിയാൽ, സാങ്കേതിക വിഭാഗം അംഗങ്ങളായി മുൻ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്‌ടർ ജനറൽ കെ.ജെ. രമേശ്, ഡൽഹി ഐ.ഐ.ടിയിലെ പ്രൊഫ. മുകേഷ് ഖരെയും നിയമിച്ചു.