പാട്ന: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ മൂന്നാമത്തെയും അവസാനത്തെയും വോട്ടെടുപ്പ് ഇന്ന് 78 മണ്ഡലങ്ങളിൽ നടക്കും. ന്യൂനപക്ഷവിഭാഗങ്ങൾ കൂടുതലായുള്ള സീമാഞ്ചലടക്കമുള്ള വടക്കൻ ബീഹാറിലെ 2.35 കോടിയിലേറെ വോട്ടർമാരാണ് 1204 സ്ഥാനാർത്ഥികളുടെ വിധി നിർണയിക്കുക. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.
മഹാസഖ്യത്തിനും എൻ.ഡി.എയ്ക്കും പുറമെ, ഉപേന്ദ്രകുശ്‌വാഹയുടെ നേതൃത്വത്തിലുള്ള മഹാ ജനാധിപത്യ മതേതര മുന്നണി, മുൻ ലോക്‌സഭാ എം.പിയും ജൻ അധികാർ പാർട്ടി നേതാവുമായ പപ്പുയാദവിന്റെ നേതൃത്വത്തിലുള്ള പുരോഗമന ജനാധിപത്യ സഖ്യം എന്നിവയും ശക്തമായി മത്സരരംഗത്തുണ്ട്.
വാത്മീകി നഗർ ഉപതിരഞ്ഞെടുപ്പ് ഇന്ന്
ജെ.ഡി.യു നേതാവ് ബൈദ്യനാഥ് മഹാതോയുടെ മരണത്തെ തുടർന്ന് ഒഴിവുവന്ന ബീഹാറിലെ വാത്മീകി നഗർ ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പും ഇന്ന് നടക്കും. അദ്ദേഹത്തിന്റെ മകൻ സുനിൽകുമാറിനെയാണ് ജെ.ഡി.യു സ്ഥാനാർത്ഥിയാക്കിയത്. കോൺഗ്രസ് സ്ഥാനാർത്ഥി പർവേഷ് കുമാർ മിശ്രയാണ് പ്രധാന എതിരാളി.