ന്യൂഡൽഹി: ഹാഥ്‌രസ് ബലാത്സംഗകേസിൽ അന്വേഷണം പൂർത്തിയാക്കാൻ എത്ര സമയം വേണമെന്ന് സി.ബി.ഐയോട് അലഹബാദ് ഹൈക്കോടതി. അടുത്ത വാദം കേൾക്കുന്ന നവംബർ 25ന് തത്‌സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനും ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, രാജൻ റോയ് എന്നിവരടങ്ങിയ ബെഞ്ച് സി.ബി.ഐക്ക് നിർദേശം നൽകി.
സി.ബി.ഐയുടെ അന്വേഷണത്തിലും തങ്ങൾക്ക് അനുവദിച്ച സുരക്ഷയിലും അതൃപ്തി അറിയിച്ച് നേരത്തേ കുടുംബം രംഗത്തെത്തിയിരുന്നു.
അടുത്ത വാദം കേൾക്കുന്നതിന് മുമ്പായി സി.ആർ.പി.എഫിലെ ഉത്തരവാദിത്തപ്പെട്ട ഒരു ഉദ്യോഗസ്ഥൻ ഇതുവരെ നൽകിയിട്ടുള്ള സുരക്ഷയുടെ സ്വഭാവവും ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളും സൂചിപ്പിക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ഉത്തരവിട്ടു.
സുപ്രീംകോടതി ഉത്തരവനുസരിച്ച് ഇരയുടെയും സാക്ഷികളുടെയും കുടുംബത്തിന് സുരക്ഷ ഒരുക്കാൻ കേന്ദ്ര റിസർവ് പൊലീസ് സേനയ്ക്ക് (സി.ആർ.പി.എഫ്) ഉത്തരവാദിത്തമുണ്ടെന്ന് കോടതി പറഞ്ഞു. സി.ആർ.പി.എഫ് ഡയറക്ടർ ജനറലിനെ എതിർകക്ഷിയായി ഉൾപ്പെടുത്താനും ഈ നടപടികളുടെ നോട്ടീസ് നൽകാനും ഹൈക്കോടതി നിർദേശിച്ചു.