ന്യൂഡൽഹി: ഉത്സവ സീസണുകളിലടക്കം ഉപഭോക്താക്കൾക്ക് നൽകുന്ന പ്രത്യേക ഓഫറുകൾ, ഒരു നെറ്റ്‌വർക്കിൽ നിന്ന് മറ്റൊരു നെറ്റ് വർക്കിലേക്ക് മാറുന്നതിനായി നൽകുന്ന ഓഫറുകൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ടെലികോം റെഗുലേറ്ററി അതോറിട്ടി ഒഫ് ഇന്ത്യയെ മുൻകൂറായി അറിയിക്കണമെന്ന് എയർടെല്ലിനോടും വോഡഫോണിനോടും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഉൾപ്പെട്ട സുപ്രീം കോടതി ബെഞ്ച് നിർദ്ദേശിച്ചു. ഓഫറുകൾ സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന് ട്രായിക്കും നിർദേശം നൽകി.
2018 ഫെബ്രുവരിയിൽ ഓഫറുകൾ സംബന്ധിച്ച വിവരങ്ങൾ മുൻകൂറായി തങ്ങളെ അറിയിക്കണമെന്ന് ട്രായ് സർക്കുലർ ഇറക്കിയെങ്കിലും എയർടെല്ലും വോഡഫോണും ഇത് നിഷേധിച്ചിരുന്നു. തർക്കം ടെലികോം ഡിസ്‌പ്യൂട്ട് സെറ്റിൽമെന്റ് ആൻഡ് അപ്പിലേറ്റ് ട്രിബ്യൂണലിലെത്തുകയും ട്രായുടെ സർക്കുലർ ട്രൈബ്യൂണൽ 2018 ഏപ്രിലിൽ അസാധുവാക്കുകയും ചെയ്തു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ട്രായ് അനുകൂല വിധി നേടുകയായിരുന്നു.