bihar-election

 സ്വതന്ത്ര സ്ഥാനാർത്ഥി കൊവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിൽ 54.06 ശതമാനം പോളിംഗ്. വൈകിട്ട് അഞ്ചുവരെയുള്ള കണക്കാണിത്.

2015ൽ 56.66 ശതമാനമായിരുന്നു പോളിംഗ്. 71 മണ്ഡലങ്ങളിലെ ആദ്യഘട്ട വോട്ടെടുപ്പിൽ 54 ശതമാനവും 94 മണ്ഡലങ്ങളിൽ രണ്ടാഘട്ടത്തിൽ 55.7 ശതമാനവുമായിരുന്നു പോളിംഗ്.

വടക്കൻ ബീഹാറിലെ 78 മണ്ഡലങ്ങളിലാണ് ഇന്നലെ മൂന്നാംഘട്ട വോട്ടെടുപ്പ് നടന്നത്. കിഷൻഗഞ്ച് ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ്. 59.99 ശതമാനം. വൈശാലി ജില്ലയിലാണ് ഏറ്റവും കുറവ്. 49.97 ശതമാനം. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടന്ന വാത്മീകി നഗറിൽ വൈകിട്ട് അഞ്ചുവരെ 52.08 ശതമാനം പോളിംഗും രേഖപ്പെടുത്തി.

മധുബനിയിലെ ബേനിപട്ടി മണ്ഡത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി നീരജ് കുമാർ ഝാ കൊവിഡ് ബാധിച്ച് മരിച്ചു. മൂന്നാംഘട്ടവോട്ടെുപ്പ് പുരോഗമിക്കുന്നതിടെയായിരുന്നു മരണം. കൊവിഡ് ബാധിച്ച കഴിഞ്ഞ പത്തുദിവസമായി പാട്‌ന എയിംസിൽ ചികിത്സയിലായിരുന്നു.

പൂർണിയയിലെ ദംധാഹായിൽ സംഘർഷമുണ്ടായി. സ്ഥിതിനിയന്ത്രണവിധേയമാക്കാൻ ബി.എസ്.എഫ് വെടി വച്ചെന്നും ഒരാൾ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്. ബൂത്ത് നമ്പർ 282ൽ ക്യൂ തെറ്റിച്ചതിനെ തുടർന്ന് സുരക്ഷാ ജീവനക്കാർ ഒരാളെ മർദ്ദിച്ചതിനെതുടർന്നാണ് സംഘർഷമുണ്ടായതെന്നും വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഘർഷത്തെ തുടർന്ന് രണ്ടുമണിക്കൂറോളം പോളിംഗ് തടസപ്പെട്ടു.

വികസനമില്ലായ്മ ആരോപിച്ച് ബെഗുസരായിയിലെ ഒരു ബൂത്തിൽ നാട്ടുകാർ വോട്ടെടുപ്പ് ബഹിഷ്കരിച്ചു.കത്തിഹാറിലെ കഡ്വ മണ്ഡലത്തിലെ കുസൈൽ പഞ്ചായത്തിലെ ഒരു ബൂത്തിലും ജനങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു.