ന്യൂഡൽഹി: ലോക്ക്ഡൗൺ സമയത്ത് കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന കേസ് നേരിടുന്ന എട്ട് കസാക്കിസ്ഥാൻ സ്വദേശികളായ ജമാഅത്ത് പ്രവർത്തകരെ ഉപാധികളോടെ നാട്ടിലേക്ക് വിടാൻ ഡൽഹി സാകേത് അഡീഷണൽ സെഷൻസ് കോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകി. കേസിൽ തെളിവില്ലെന്ന് കണ്ട് എട്ടുപേരെയും കോടതി കുറ്റവിമുക്തരാക്കിയതാണ്. എന്നാൽ വിധിക്കെതിരെ പ്രോസിക്യൂഷൻ നൽകിയ പുനഃപരിശോധനാ ഹർജിയുടെ പേരിലാണ് എട്ടുപേരും ഇന്ത്യയിൽ കഴിയുന്നത്.
പുനഃ പരിശോധനാ ഹർജിയുമായി ബന്ധപ്പെട്ട് വേണ്ടിവന്നാൽ ഇന്ത്യയിൽ മടങ്ങിയെത്താമെന്ന ഉറപ്പിൻമേലാണ് ഇവരെ നാട്ടിലേക്ക് വിടുന്നതെന്ന് കോടതി വ്യക്തമാക്കി. എട്ടുപേരും നാട്ടിലെ വിലാസം, ഇമെയിൽ വിലാസം, മൊബൈൽ ഫോൺ തുടങ്ങിയവ നൽകണം. ഇവിടെ നിന്ന് ബന്ധപ്പെടുമ്പോൾ പ്രതികരിക്കണമെന്നും കോടതി വ്യക്തമാക്കി. ഓരോരുത്തരും 30,000 രൂപ വീതം കെട്ടിവയ്‌ക്കണം.