cic

ന്യൂഡൽഹി: മുഖ്യ വിവരാവകാശ കമ്മിഷണറായി (സി.ഐ.സി) മുൻ ഐ.എഫ്.എസ് ഓഫീസർ യശ്‌വർദ്ധൻ കുമാർ സിൻഹയും വിവരാവകാശ കമ്മിഷണർമാരായി ഹീരാലാൽ സമാരിയ, ഉദയ് മഹുർക്കർ, സരോജ് പുൻഹനി എന്നിവരും ചുമതലയേറ്റു. രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

2019 ജനുവരി മുതൽ വിവരാവകാശ കമ്മിഷണറായ സിൻഹ ശ്രീലങ്കയിലും യു.കെയിലും ഹൈക്കമ്മീഷണറായി പ്രവർത്തിച്ചിട്ടുണ്ട്. 62കാരനായ സിൻഹയ്ക്ക് മൂന്നുവർഷം സി.ഐ.സി പദവിയിൽ തുടരാം. വിവരാവകാശ കമ്മിഷനിലെ സീനിയർ ആയ വനജ എസ് സർനയെ തഴഞ്ഞ് സിൻഹയെ സി.ഐ.സിയാക്കിയതിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പാനലിൽ അംഗമായ കോൺഗ്രസ് നേതാവ് ആദിർ രഞ്ജൻ ചൗധരി വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. സിൻഹയ്‌ക്ക് സി.ഐ.സിക്ക് ആകാനുള്ള യോഗ്യതയില്ലെന്നും പൊതുരംഗത്തും മനുഷ്യാവകാശം, നിയമം തുടങ്ങിയ മേഖലകളിൽ അനുഭവസമ്പത്തില്ലെന്നും ചൗധരി ആരോപിച്ചു.

വിവരാവകാശ കമ്മിഷണറായി ചുമതലയേറ്റ മാദ്ധ്യമ പ്രവർത്തകൻ ഉദയ് മഹൂർക്കറിന് ബി.ജെ.പി ബന്ധം കണക്കിലെടുത്താണ് നിയമനമെന്ന ആരോപണവുമുയർന്നു. ഇന്നലെ ചുമതലയേറ്റ ഹീരാലാൽ സമാരിയ മുൻ കേന്ദ്ര തൊഴിൽ സെക്രട്ടറിയും സരോജ് പുൻഹനി മുൻ ഡെപ്യൂട്ടി സി.എ.ജിയുമാണ്. ഇതോടെ വിവരാവകാശ കമ്മിഷൻ അംഗങ്ങളുടെ എണ്ണം ഏഴായി. വനജ എസ്.സർന, നീരജ് കുമാർ ഗുപ്ത, സുരേഷ് ചന്ദ്ര, അമിത് പണ്ഡോവെ എന്നിവരാണ് മറ്റ് അംഗങ്ങൾ. 10 അംഗ കമ്മിഷനിൽ മൂന്നു തസ്‌തികൾ ഒഴിഞ്ഞു കിടക്കുകയാണ്.