മുംബയ് : ആത്മഹത്യാപ്രേരണാക്കുറ്റത്തിന് അറസ്റ്റിലായ റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസാമിയെ നവി മുംബയിലെ തലോജ സെൻട്രൽ ജയിലിലേക്ക് മാറ്റി. ജുഡിഷ്യൽ കസ്റ്റഡിയിലായിരുന്ന അർണബ് അലിബാഗിലെ സ്‌കൂളിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ഇവിടെ വച്ച് മൊബൈൽ ഫോൺ ഉപയോഗിച്ചത് കണ്ടെത്തിയതിനെ തുടർന്നാണ് റായ്ഗഡ് പൊലീസ് ഇന്നലെ രാവിലെ ജയിലിലേക്ക് മാറ്റിയത്. അർണബിന് എവിടെ നിന്നാണ് ഫോൺ ലഭിച്ചതെന്നതിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് മുംബയ് പൊലീസ് അറിയിച്ചു.
പൊലീസ് വാനിൽ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ, പൊലീസ് ഉദ്യോഗസ്ഥർ ദേഹോപദ്രവം ഏല്പിച്ചുവെന്നും ജീവൻ അപകടത്തിലാണെന്നും അർണബ് ഗോസാമി വിളിച്ചു പറഞ്ഞു.
'അഭിഭാഷകരുമായി സംസാരിക്കാൻ എന്നെ അനുവദിക്കുന്നില്ല. ഇന്ന് രാവിലെ കസ്റ്റഡിയിൽ എന്നെ മർദ്ദിച്ചു. എന്റെ ജീവൻ അപകടത്തിലാണെന്ന് രാജ്യത്തെ ജനങ്ങളെ അറിയിക്കണം."- അർണാബ് പൊലീസ് വാനിലിരുന്നു വിളിച്ചു പറഞ്ഞു.
ബി.ജെ.പി പ്രവർത്തകരും ശിവസേന അനുയായികളും യാത്രയിൽ ഉടനീളം പൊലീസ് വാഹനത്തെ പിന്തുടർന്ന് അറസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും മുദ്രവാക്യങ്ങൾ മുഴക്കിയിരുന്നു. വലിയ സുരക്ഷാക്രമീകരണങ്ങളോടെയാണ് അർണാബിനെ തലോജ ജയിലിൽ എത്തിച്ചത്.
അലിബാഗിലെ ഇന്റീരിയർ ഡിസൈനർ അൻവെയ് നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അർണബിനെ പൊലീസ് ബുധനാഴ്ച മുംബയിലെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
അർണബിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി വിധി പറയാൻ മാറ്റിയിരുന്നു.
പ്രതിഷേധം: കപിൽ മിശ്ര അറസ്റ്റിൽ
ന്യൂഡൽഹി: ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അറസ്റ്റിലായ റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസാമിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്ഘട്ടിൽ ധർണ സംഘടിപ്പിക്കാൻ ശ്രമിച്ച ബി.ജെ.പി നേതാക്കൾ അറസ്റ്റിൽ. മുൻ ഡൽഹി മന്ത്രിയായിരുന്ന കപിൽ മിശ്ര, തജീന്ദർ പാൽ സിംഗ് ബാഗ എന്നിവരാണ് അറസ്റ്റിലായത്.
രാജ്ഘട്ടിൽ സമരം നടത്തുന്നതിന് നിലവിൽ വിലക്കുണ്ടെന്നും ഇത് മറികടന്നതിനാലാണ് അറസ്റ്റെന്നും പൊലീസ് വ്യക്തമാക്കി.
മനുഷ്യത്വ രഹിതമായ സമീപനമാണ് കേസിൽ പൊലീസ് കൈക്കൊണ്ടതെന്നും അറസ്റ്റിന്റെ പേരിൽ അർണബിന്റെ കുടുംബത്തെ പോലും വേട്ടയാടുകയാണെന്നും കപിൽ മിശ്ര ആരോപിച്ചു.
'സർക്കാരിനെ ചോദ്യം ചെയ്തതിനെത്തുടർന്ന് ഇതാദ്യമായാണ് രാജ്യത്ത് ഒരു മാദ്ധ്യമ പ്രവർത്തകനെ അറസ്റ്റ് ചെയ്യുന്നത്. മഹാരാഷ്ട്ര സർക്കാരിന്റെ ഈ ക്രൂരതയ്‌ക്കെതിരെയാണ് സമരം'- മിശ്ര കൂട്ടിച്ചേർത്തു.