thusharnadda

ന്യൂഡൽഹി: ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഡൽഹിയിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ, ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവരുമായി കൂടിക്കാഴ‌്ച നടത്തി. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങളും, കേരള എൻ.ഡി.എയിലെ വിഷയങ്ങളും ചർച്ച ചെയ്യാൻ ബി.ജെ.പി നേതൃത്വം തുഷാറിനെ വിളിപ്പിക്കുകയായിരുന്നു.

എൽ.ഡി.എഫ് ഭരണത്തിനെതിരായ അഴിമതി,പ്രോട്ടോക്കോൾ ലംഘന ആരോപണങ്ങൾ ഉയർത്തി പുതിയ സമര മുറകളിലൂടെ പൊതുസമൂഹത്തിൽ മതിപ്പുണ്ടാക്കാൻ കേരള എൻ.ഡി.എയ്‌ക്ക് കഴിഞ്ഞതായി തുഷാർ ധരിപ്പിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പ്രവർത്തനങ്ങൾ നേരത്തെ തുടങ്ങിയതിനാൽ ജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്താൻ സാധിച്ചു. സീ​റ്റുകൾ സംബന്ധിച്ച് മുന്നണിയിലെ ചില ഒ​റ്റപ്പെട്ട തർക്കങ്ങൾ സംസ്ഥാന നേതൃത്വം ഇടപെട്ട് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണത്തിന് ദേശീയ നേതാക്കളെത്തുമെന്ന് എൻ.ഡി.എ സംസ്ഥാന കൺവീനർ കൂടിയായ തുഷാർ വെള്ളാപ്പള്ളിക്ക് ബി.ജെ.പി നേതൃത്വം ഉറപ്പു നൽകി. ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അനിരുദ്ധ് കാർത്തികേയനും ചർച്ചകളിൽ പങ്കെടുത്തു.