ന്യൂഡൽഹി: ഇന്ത്യ - ചൈനാ അതിർത്തിയിലെ സേനാ പിന്മാറ്റം സംബന്ധിച്ച് എട്ടാംവട്ട കോർ കമാൻഡർ തല യോഗത്തിലും ധാരണയായില്ല. വീണ്ടും ചർച്ച നടത്തും. ഇന്ത്യ-ചൈന അതിർത്തിയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ നിയന്ത്രണരേഖ മേഖലകളിലെ സംഘർഷങ്ങൾ ഒഴിവാക്കുന്നതിനുണ്ടാക്കിയ ധാരണകൾ നടപ്പിലാക്കും. ഇരു രാഷ്ട്രങ്ങളിലെയും മുൻനിര സൈനികർക്കിടയിലെ തെറ്റിദ്ധാരണകൾ ഒഴിവാക്കാനും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാനും ഇരു സേനകളും സമ്മതം അറിയിച്ചു. സൈനിക, നയതന്ത്ര വഴികളിലൂടെയുള്ള ആശയവിനിമയവും ചർച്ചകളും തുടരും. നിലവിലുള്ള മറ്റു പ്രശ്‌നങ്ങൾ രമ്യതയോടെ പരിഹരിക്കാനും അതുവഴി അതിർത്തി മേഖലയിൽ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാനും ധാരണയായതായി കേന്ദ്രസർക്കാർ അറിയിച്ചു.
എട്ടാം വട്ട ഇന്ത്യ-ചൈന കോർ കമാൻഡർ തല യോഗം യഥാർത്ഥ നിയന്ത്രണരേഖയിൽ ഇന്ത്യൻ ഭാഗത്ത് ചുഷൂലിൽ നവംബർ ആറിനാണ് നടന്നത്.
ലേയിലെ ഫയർ ആൻഡ് ഫ്യൂരി 14-ാം കോർപ്‌സിന്റെ പുതിയ കമാൻഡറും മലയാളിയുമായ ലെഫ്. ജനറൽ പി.ജി.കെ. മേനോനാണ് ഇന്ത്യൻ സംഘത്തെ നയിച്ചത്. വിദേശകാര്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി (കിഴക്കൻ ഏഷ്യ) നവീൻ ശ്രീവാസ്തവയും പങ്കെടുത്തു. ചൈനീസ് സംഘത്തിന് മേജർ ജനറൽ ലിയൂ ലിനിനാണ് നേതൃത്വം നൽകിയത്. പരസ്പരധാരണയോടെ ഇരുവിഭാഗവും പിന്മാറണമെന്ന ആവശ്യം ഇന്ത്യ ആവർത്തിച്ചു. ഇന്ത്യൻ ഭാഗത്തുനിന്ന് മാത്രമായി സേനാപിന്മാറ്റം ഉണ്ടാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
ഒക്‌ടോബർ 12ന് നടന്ന ഏഴാം ഘട്ട ചർച്ചയിലും കാര്യമായ തീരുമാനങ്ങളുണ്ടായില്ലെങ്കിലും അതിന്ശേഷം അതിർത്തിയിൽ സംഘർഷങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. നേരത്തെ മോസ്‌കോയിൽ ഇന്ത്യയുടെയും ചൈനയുടെയും പ്രതിരോധ, വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി പരിഹാര നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു.