father-stan-swamy

ന്യൂഡൽഹി: ഭീമ കൊറെഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഫാ. സ്റ്റാൻ സ്വാമി സ്‌ട്രോയും സിപ്പർ കപ്പും ഉപയോഗിക്കാനുള്ള അനുമതി തേടി മുംബയ് പ്രത്യേക കോടതിയിൽ അപേക്ഷ നൽകി. 83 കാരനായ സ്റ്റാൻ സ്വാമി പാർക്കിൻസൺസ് രോഗ ബാധിതനാണ്. രോഗാവസ്ഥ ചൂണ്ടിക്കാട്ടി സ്റ്റാൻ സ്വാമി നൽകിയ അപേക്ഷയ്ക്ക് മറുപടി നൽകാൻ 20 ദിവസത്തെ സമയം വേണമെന്ന് എൻ.ഐ.എ ആവശ്യപ്പെട്ടു. കേസ് നവംബർ 26 ന് കോടതി വീണ്ടും പരിഗണിക്കും. ജയിലിന് പുറത്ത് നിന്നും സാധനങ്ങൾ കൊണ്ട് വരുന്നതിന് കോടതിയുടെ അനുമതി ആവശ്യമായ സാഹചര്യത്തിലാണ് അപേക്ഷ നൽകിയത്.

രോഗം മൂലം ഗ്ലാസ് പോലും കൈയിൽ പിടിക്കാൻ സാധിക്കുന്നില്ലെന്ന് സ്റ്റാൻ സ്വാമി കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. ഒരു മാസത്തോളം തലോജ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന അദ്ദേഹം നിലവിൽ ജയിൽ ആശുപത്രിയിലാണ്.

തലച്ചോറിലെ നാഡീ കേശങ്ങളെ ബാധിക്കുന്ന രോഗമാണ് പാർക്കിൻസൺസ്. വിറയൽ അടക്കമുള്ള രോഗ ലക്ഷണങ്ങൾ പ്രകടമാക്കും. തന്മൂലം ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യാൻ രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ആരോഗ്യ കാരണങ്ങളെ മുൻനിർത്തി കഴിഞ്ഞ മാസം സ്റ്റാൻ സ്വാമി സമർപ്പിച്ച ജാമ്യാപേക്ഷ പ്രത്യേക എൻ.ഐ.എ കോടതി തള്ളിയിരുന്നു. ഒക്ടോബർ എട്ടിന് റാഞ്ചിയിലെ ബഗൈച സോഷ്യൽ സെന്ററിൽ നിന്നാണ് എൻഐഎ സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തത്. ദളിത് സമൂഹങ്ങളുടെയും ആദിവാസികളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സ്റ്റാൻ സ്വാമിയ്ക്ക് നിരോധിത മാവോയിസ്റ്റ് സംഘടനയുമായി ബന്ധമുണ്ടെന്നാണ് എൻ.ഐ.എയുടെ ആരോപണം.