ന്യൂഡൽഹി: യാത്രപുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലെ നെഗറ്റീവ് ആർ.ടി-പി.സി.ആർ പരിശോധനാ റിപ്പോർട്ടുണ്ടെങ്കിൽ വിദേശത്ത് നിന്നെത്തുന്നവർക്ക് ക്വാറന്റൈൻ ഒഴിവാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ മാർഗനിർദ്ദേശം. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർ നിർബന്ധമായും ക്വാറന്റൈനിൽ കഴിയണം. www.newdelhiairport.in എന്ന വെബ്സൈറ്റിൽ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർമുമ്പ് സത്യവാങ്മൂലം നൽകണം. എത്തിച്ചേരുന്ന വിമാനത്താവളങ്ങളിൽ നേരിട്ടും വിവരങ്ങൾ നൽകാം. നെഗറ്റീവ് റിപ്പോർട്ടില്ലാതെ എത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ ആർ.ടി- പി.സി.ആർ പരിശോധന നടത്താം. നിലവിൽ ഡൽഹി, കൊച്ചി, മുംബയ്, ഹൈദരാബാദ് വിമാനത്താവളങ്ങളിലാണ് ഈ സൗകര്യമുള്ളത്.
തുറമുഖങ്ങൾ വഴി എത്തുന്നവർക്ക് ഓൺലൈൻ രജിസ്ട്രേഷൻ ഇല്ല. അവർ തുറമുഖങ്ങളിലെ ബന്ധപ്പെട്ട ഓഫീസിൽ സത്യവാങ്മൂലം നൽകണം. അതേസമയം സാഹചര്യം വിലയിരുത്തി അതാത് സംസ്ഥാനങ്ങൾക്ക് ക്വാറന്റൈൻ വ്യവസ്ഥകൾ തീരുമാനിക്കാം.