w2

സ്വന്തം വീട്ടിലെ ജോലികൾ ചെയ്യുന്ന മക്കൾക്ക് ശമ്പളം നൽകുന്ന മാതാപിതാക്കളെപ്പറ്റികേട്ടിട്ടണ്ടോ? പകലന്തിയോളം കുടുംബത്തിന്‌ വേണ്ടി മാത്രം കഠിനാദ്ധ്വാനം ചെയ്തു ജീവിതം വീട്ടിൽ തളച്ചിടുന്ന സ്ത്രീകളോട് 'നിനക്ക് ഇവിടെ എന്താജോലി?' എന്ന്‌ ചോദിക്കുന്നവരുടെ നാട്ടിൽ ഈ ചോദ്യം പ്രസക്തമല്ലെന്നറിയാം. കുട്ടിക്കാലം മുതൽ ജീവിതം പഠിക്കാൻ മക്കൾക്ക്‌ ജോലിയും ശമ്പളവും നൽകുന്ന ഒരു അച്ഛനും അമ്മയുമുണ്ട് അങ്ങ് ബ്രിട്ടണിൽ. സോഫിയുടെയും ഫിൽ മക്ജനിറ്റിയും.

ഈ മക്കളുടെ പ്രായം കേട്ടാൽ നിങ്ങൾ അമ്പരക്കാതിരിക്കില്ല. മൂന്നും എട്ടും വയസുള്ള പെൺകുട്ടികളായ ക്രിസ്റ്റൽ, ഹാലി എന്നിവരെയാണ് അച്ഛനമ്മമാർ ജോലിയും ശമ്പളവും നൽകി വളർത്തുന്നത്.

ഈ ലോകത്ത് ഒന്നും സൗജന്യമായി ലഭിക്കുന്നില്ലെന്നും പണത്തിന്റെ വില അറിഞ്ഞ് തന്നെ മക്കൾ വളരണമെന്നുമുള്ള ലക്ഷ്യമാണ് ഇതിന് പിന്നിൽ. ഒപ്പം അച്ഛനമ്മമാർ എത്രത്തോളം കഷ്ടപ്പെടുന്നു എന്ന് അവർ മനസിലാക്കുകയും ചെയ്യുമത്രേ.

സ്‌കൂളും നഴ്‌സറിയും കഴിഞ്ഞ് വന്നാൽ മക്കൾ രണ്ടുപേർക്കും ആഴ്ചയിൽ രണ്ടു ദിവസം കുടുംബ ബിസിനസിൽ ജോലി ചെയ്യണം. കുടുംബത്തിന് സ്വന്തമായുള്ള ട്രംബോളിൻ പാർക്കിലാണ് കുട്ടികൾക്ക് പാർട്ട്‌ടൈം തൊഴിൽ. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമാണ് പണി. വൃത്തിയാക്കൽ, അടുക്കിപ്പെറുക്കൽ ജോലികളാണ് പ്രധാനമായും ചെയ്യുക. ഒരു ദിവസത്തെ ജോലി ചെയ്താൽ പത്തു പൗണ്ടാണ് (963.55 രൂപ) ശമ്പളം. ജോലി ഇല്ലാത്ത ദിവസങ്ങളിൽ അവർക്ക് സ്‌കൂൾ പഠനത്തിന് പുറമെ നൽകുന്ന പാഠങ്ങൾ അഭ്യസിക്കാനുള്ള സമയമാണ്. ബുധനാഴ്ചകളിൽ വൈകിട്ട് നീന്തൽ ക്ലാസ് ഉണ്ട്. വെള്ളിയാഴ്ച കുതിര സവാരിയാണ്. ഈ കുതിരക്കു ഭക്ഷണം കൊടുക്കുന്നതും കുളിപ്പിക്കുന്നതും ആഴ്ചയിൽ ഒരിക്കൽ ചെയ്യുകയുംവേണം.

ശനിയാഴ്ചകളിൽ രാവിലെ ഡാൻസ് ക്ലാസ് ഉണ്ട്. അവരെ അമിതമായിജോലിയെടുപ്പിക്കുന്നു എന്ന് മറ്റുള്ളവർ കുറ്റം പറയുന്നതിൽ അവർക്ക് അതിനാൽ തെല്ലും വിഷമമില്ല. കുട്ടിക്കാലത്ത് താനും ഇങ്ങനെ തന്നെയാണ് വളർന്നതെന്ന് അവരുടെ അമ്മ പറയുന്നു. കുട്ടികൾ പഠനത്തിൽ ശ്രദ്ധിക്കുന്നുണ്ടെന്നും അവർ ഉറപ്പു വരുത്തും. മൂത്ത മകൾ ക്രിസ്റ്റൽ സ്‌കൂളിൽ എല്ലാ വിഷയത്തിലും മുന്നിലാണെന്ന് അമ്മ പറയുന്നു. എല്ലാ തൊഴിലിനും പ്രതിഫലവും ബഹുമാനവും നൽകണം. അതിനി വീട്ടുജോലിയായാലും കളക്ടർ ജോലിയായാലുമെന്ന് ചുരുക്കം.