കാണ്ടാമൃഗത്തിൻ്റെ രൂപവും ചെമ്മരിയാടിന്റെ വലിപ്പവുമുള്ള കാംബെതെറിയം എന്ന വിചിത്ര മൃഗത്തിൽ നിന്നാണ് കുതിര പരിണമിച്ചതാണെന്ന് ഗവേഷകർ. പന്നിയും നായയും സങ്കരണം ചെയ്തതുപോലുള്ള ഈ മൃഗം ഇന്ത്യയിൽ 55 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് കാണപ്പെട്ടിരുന്നതാണെന്ന് ഗവേഷകർ പറയുന്നു.
കാംബെതെറിയം എന്ന ഈ ജീവിയുടെ അവശിഷ്ടങ്ങൾ ഗുജറാത്തിലെ ഖനിയിൽ നിന്ന് കണ്ടെത്തിയതായി ജോൺ ഹോപ്കിൻസ് സർവകലാശാലയിലെ ഗവേഷകർ അവകാശപ്പെടുന്നു. 2001 മുതൽ നടത്തിയ ഗവേഷണത്തിന്റെ ഫലമാണ് ഈ കണ്ടെത്തൽ. 2004ൽ ഈ മൃഗത്തിന്റെ ഫോസിൽ കണ്ടെത്തുകയും പിന്നീടുള്ള യാത്രകളിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചെന്നും ഗവേഷകർ പറയുന്നു. ഇന്ത്യയിലെ വിവിധ ഇടങ്ങളിൽ കണ്ടെത്തിയ 350 ഫോസിലുകൾ ഒന്നിച്ചു വച്ചാണ് കാംബെതെറിയത്തിന്റെ അസ്ഥികൂടത്തിന്റെ ഘടന ഉണ്ടാക്കിയെടുത്തത്. ഇന്ത്യ ഒരു ദ്വീപ് ആയി നിലനിന്നിരുന്ന കാലത്താണ് ഈ മൃഗം ജീവിച്ചിരുന്നതെന്നാണ് ഗവേഷകർ കരുതുന്നത്.
കുതിരകളുടെ ഉത്ഭവം ഇന്ത്യയിൽ രേഖപ്പെടുത്താൻ കഴിയും എന്ന മുപ്പത് വർഷം മുമ്പത്തെ നിഗമനത്തെ ശരിവയ്ക്കുന്നതാണ് പുതിയ കണ്ടുപിടുത്തം.