കറുപ്പും വെളുപ്പും തവിട്ടും നിറങ്ങളിലൊക്കെയായി നായ്ക്കുട്ടികൾ ജനിക്കാറുണ്ട്. എന്നാൽ, ഇറ്റലിയിലെ സാർഡിനിയ ദ്വീപിൽ ജനിച്ച ഒരു നായ്ക്കുട്ടിയുടെ നിറം കണ്ട് അത്ഭുതപ്പെടുകയാണ് മൃഗസ്‌നേഹികൾ. പച്ചനിറത്തിലുള്ള രോമങ്ങളുമായാണ് നായ്ക്കുട്ടി ജനിച്ചിരിക്കുന്നത്.
കർഷകനായ ക്രിസ്റ്റ്യൻ മല്ലാക്കിയുടെ ഫാമിലാണ് അപൂർവ നിറത്തിൽ നായ്ക്കുട്ടി പിറന്നത്. നായ്ക്കുട്ടിയുടെ നിറം കണ്ട് തനിക്ക് വിശ്വസിക്കാനായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിറത്തിന്റെ സവിശേഷത കൊണ്ടു തന്നെ പിസ്താഷ്യോ എന്ന പേരാണ് നായ്ക്കുട്ടിക്ക് നൽകിയിരിക്കുന്നത്. പിസ്താഷ്യോയ്‌ക്കൊപ്പം നാല് നായ്ക്കുട്ടികൾ കൂടി ജനിച്ചുവെങ്കിലും അവയ്‌ക്കെല്ലാം വെളുപ്പു നിറമാണ്. ഇതിനുപുറമേ പിസ്താഷ്യോയുടെ അമ്മ സ്‌പെലഷ്യയ്ക്കും വെളുപ്പുനിറം തന്നെയാണ്.
ഗർഭകാലത്ത് അമ്മയുടെ വയറ്റിൽ ബിലിവെർഡിൻ എന്ന പച്ചനിറത്തിലുള്ള പിത്തരസം അംനിയോട്ടിക് ദ്രാവകവുമായി കലർന്നതിനാലാവണം നായ്ക്കുട്ടി പച്ചനിറത്തിൽ ജനിച്ചതെന്നാണ് നിഗമനം. പിസ്താഷ്യോയുടെ ചിത്രങ്ങൾ പുറത്തുവന്നതോടെ അവ വളരെ വേഗം ജനശ്രദ്ധനേടി.
സാധാരണയായി തന്റെ ഫാമിൽ ജനിക്കുന്ന നായ്ക്കുട്ടികളെ ആവശ്യക്കാർക്ക് വളർത്താൻ കൊടുക്കുകയാണ് ക്രിസ്റ്റ്യൻ ചെയ്യുന്നത്. എന്നാൽ, പിസ്താഷ്യോയെ ഫാമിൽ തന്നെ പാർപ്പിക്കാനാണ് തീരുമാനം.വളർന്നുവരുന്നതനുസരിച്ച് നായ്ക്കുട്ടിയുടെ നിറവും മാറി വരുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. എന്തായാലും പച്ച നിറത്തിൽ ജനിച്ച നായ്ക്കുട്ടി ശുഭ പ്രതീക്ഷകളുടെ സൂചനയാണ് നൽകുന്നതെന്ന വിശ്വാസത്തിലാണ് ക്രിസ്റ്റ്യൻ.