12

ബോഡി മോഡിഫിക്കേഷനിലൂടെ ലോകത്തെ ഞെട്ടിക്കുകയാണ് ബ്രസീലിയൻ പൗരനായ മൈക്കേൽ ഫാരോ ഡോ പ്രാഡോ എന്ന 44 കാരൻ. ശസ്ത്രക്രിയയിലൂടെ മൂക്ക് നീക്കം ചെയ്ത പ്രാഡോ, കൊമ്പുകളും ദംഷ്ട്രകളും വച്ചുപിടിപ്പിക്കുകയും ചെയ്തു. മനുഷ്യപ്പിശാച് (ഹ്യുമൻ സാത്താൻ) എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് പ്രാഡോ തന്റെ ശരീരത്തിൽ അസാധാരണമാംവിധം മോഡിഫിക്കേഷൻ നടത്തുന്നത്. കൃഷ്ണമണിയിൽ ഉൾപ്പെടെ ശരീരത്തിന്റെ 80 ശതമാനം ടാറ്റൂ ചെയ്തിട്ടുണ്ട്. ശരീരത്തിൽ നിരവധി പിയേഴ്‌സിംഗുകളും ഉണ്ട്. നാവ് നേരത്തെ തന്നെ പിളർത്തിയിരുന്നു.

കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ പ്രാഡോ ഏകദേശം 35 ശസ്ത്രക്രിയകൾ ചെയ്തു. അവസാന ശസ്ത്രക്രിയയിലാണ് പല്ലുകളിൽ മോഡിഫിക്കേഷൻ നടത്തി ദംഷ്ട്രകൾ സ്ഥാപിച്ചത്. സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ചാണ് ജീവിക്കുന്നതെന്നും മറ്റാരെയും മാതൃകയാക്കിയല്ല ഇത്തരം മാറ്റങ്ങളെന്നുമാണ് പാഡ്രോ ഒരു ലൈഫ് സ്റ്റൈൽ മാസികയോട് പ്രതികരിച്ചത്. ബോഡി മോഡിഫിക്കേഷന്റെ ഭാഗമായി മൂക്ക് നീക്കം ചെയ്യുന്ന മൂന്നാമത്തെ വ്യക്തിയാണ് താനെന്നും ഇയാൾ അവകാശപ്പെടുന്നു.

ടാറ്റൂ ആർട്ടിസ്റ്റ് ആണെങ്കിലും സ്വന്തം ശരീരത്തിൽ പാഡ്രോ ഇതുവരെ ടാറ്റൂ ചെയ്തിട്ടില്ല. പ്രൊഫഷണൽ ബോഡി മോഡിഫയർ ആയ ഭാര്യയും ഏതാനും സുഹൃത്തുക്കളുമാണ് ഇയാളുടെ രൂപമാറ്റത്തിന് നേതൃത്വം നൽകുന്നത്. ഭാര്യയും ചെറിയ രീതിയിലുള്ള മോഡിഫിക്കേഷനുകൾ സ്വന്തം ശരീരത്തിൽ നടത്തുന്നുണ്ട്. ടാറ്റൂ, പിയേഴ്‌സിംഗുകൾ, ഇംപ്ലാന്റുകൾ, സർജറികൾ എന്നിവയിലൂടെ രൂപത്തിൽ മാറ്റങ്ങൾ വരുത്തുന്നതിനെയാണ് ബോഡി മോഡിഫിക്കേഷൻ എന്നു പറയുന്നത്. സാംസ്‌കാരികവും പാരമ്പര്യവുമായ കാരണങ്ങളാൽ ലോകത്തിന്റെ പലയിടങ്ങളിലും ബോഡി മോഡിഫിക്കേഷൻ നിലനിന്നിരുന്നു.