വിവാഹമെന്നാൽ രണ്ടുപേർ തമ്മിലുള്ള കൂടിച്ചേരൽ എന്നതൊക്കെ വെറും പറച്ചിൽ മാത്രം. ഇവിടെയിതാ വിവാഹം നടത്താൻ മറ്റൊരാളുടെയും ആവശ്യമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ബ്രസീലുകാരൻ. സ്വയം വിവാഹിതനായി ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ചിരിക്കുകയാണ് ഡിയാഗോ റബെലോ. ഡോക്ടറായ സുഹൃത്ത് വിക്ടർ ബുവേനോയുമായി 2019 നവംബറിലായിരുന്നു ഡിയാഗോയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. 2020 ഒക്ടോബറിൽ വിവാഹത്തിനായി തീയതിയും കുറിച്ചു.
അതിനുശേഷം പരസ്പരമുണ്ടായ വലിയ തർക്കത്തെ തുടർന്ന് ജൂലായിൽ ബുവേനോ വിവാഹത്തിൽ നിന്ന് പിന്മാറി. ഇത്തരം സാഹചര്യത്തിൽ വിവാഹം തന്നെ വേണ്ടെന്നുവയ്ക്കലാണ് സാധാരണയായി നടക്കാറുള്ളത്. എന്നാൽ, എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു ഡിയാഗോയുടെ തീരുമാനം. വധുവില്ലാതെ തന്നെ താൻ ഒറ്റയ്ക്ക് വിവാഹിതനാകുമെന്ന തീരുമാനം ഡിയാഗോ എടുത്തു. ബന്ധുക്കളും സുഹൃത്തുക്കളും ഇതിന് സമ്മതം നൽകി. ആഢംബര റിസോർട്ടായ ഇറ്റകെയറിലായിരുന്നു വിവാഹം. കൊവിഡ് വ്യാപനത്തെത്തുടർന്ന് 40 പേർ മാത്രമാണ് ചടങ്ങിനെത്തിയത്.
'ട്രാജഡി ആകേണ്ടിയിരുന്ന ഒരു ദിവസത്തെ എന്നെ ഏറ്റവും കൂടുതൽ സ്‌നേഹിക്കുന്നവർക്കൊപ്പം നിന്ന് ഞാൻ കോമഡിയാക്കി' എന്നാണ് ഡിയാഗോ വിവാഹത്തെക്കുറിച്ച് പറഞ്ഞത്.