ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 86 ലക്ഷത്തോടടുത്തു. മരണം 1.27 ലക്ഷവും കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,903 പേർക്ക് രോഗം സ്ഥിരീകരിച്ചു. 490 മരണവും റിപ്പോർട്ട് ചെയ്തു. 48,405 പേർ രോഗമുക്തരായി. നിലവിൽ 5.09 ലക്ഷം പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് 92.56 ശതമാനമായി. രോഗസ്ഥിരീകരണ നിരക്ക് 7.19 ശതമാനമായി കുറഞ്ഞു. പുതിയ രോഗമുക്തരിൽ കൂടുതലും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്.
പുതിയ രോഗബാധിതരിൽ 79 ശതമാനവും ഡൽഹി, മഹാരാഷ്ട്ര, കേരളം, പശ്ചിമബംഗാൾ, കർണാടക, ഹരിയാന, ആന്ധ്ര, തമിഴ്നാട്, യു.പി, രാജസ്ഥാൻ സംസ്ഥാനങ്ങളിലാണ്. തണുപ്പും മലിനീകരണവും രൂക്ഷമാകുന്ന ഡൽഹിയിലാണ് പ്രതിദിന രോഗികളുടെ എണ്ണം കൂടുതൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 7745 പുതിയ രോഗികളാണ് ഡൽഹിയിലുണ്ടായത്. മൂന്നാംഘട്ട വ്യാപനത്തിന്റെ പാരമ്യത്തിലാണ് ഡൽഹിയെന്നും കുറച്ചുദിവസം കൂടി തത്സ്ഥിതി തുടരുമെന്നും സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ദ്രർ ജയിൻ പറഞ്ഞു.
ചിരഞ്ജീവിക്ക് കൊവിഡ്
തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിക്ക് കൊവിഡ്. 65കാരനായ താരം ക്വാറന്റൈനിലാണ്. രോഗലക്ഷണമില്ലെന്നും താനുമായി സമ്പർക്കത്തിൽ വന്നവർ പരിശോധന നടത്താനും ചിരഞ്ജീവി അഭ്യാർത്ഥിച്ചു ചിരഞ്ജീവിയും നടൻ നാഗാർജുനയും ശനിയാഴ്ച തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പങ്കെടുത്തിരുന്നു. മന്ത്രി വെമുല പ്രശാന്ത് റെഡ്ഡി, രാജ്യസഭാംഗം ജെ.സന്തോഷ്കുമാർ, ചീഫ് സെക്രട്ടറി സോമേഷ് കുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്.