ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെയുള്ള ഹർജികൾ അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കാശ്മീർ പീപ്പിൾസ് കോൺഫറൻസ് സുപ്രീംകോടതിയിൽ. കൊവിഡ് പ്രതിസന്ധികൾക്കിടയിൽ സംസ്ഥാനം അതീവ കഷ്ടത്തിലൂടെ കടന്നുപോകുകയാണെന്നും അതിനിടിയിലും പല നിയമങ്ങളും കേന്ദ്രം നടപ്പിലാക്കുകയാണെന്നും ഹർജിക്കാർ ആരോപിക്കുന്നു. അടിയന്തിരമായി ഹർജി പരിഗണിച്ച് ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.
ജമ്മു കാശ്മീരിന് സ്വയം ഭരണാവകാശം ഉറപ്പാക്കുന്ന ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35 എ എന്നിവ കഴിഞ്ഞ വർഷം ആഗസ്റ്റ് അഞ്ചിന് കേന്ദ്രം റദ്ദു ചെയ്തിരുന്നു. ഇതിനു മുന്നോടിയായിപ്രധാന നേതാക്കളെ കരുതൽ തടങ്കലിലാക്കി. വിമർശനങ്ങൾ രൂക്ഷമായതോടെയാണ് അവരെ മോചിപ്പിച്ചത്.