ബീഹാർ ഫലം ഇന്ന്
ന്യൂഡൽഹി: രാജ്യം കാത്തിരിക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ എട്ടുമണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. വിവിപാറ്റുകൾ കൂടി എണ്ണുന്നതിനാൽ പൂർണമായ ഫലം ലഭ്യമാകാൻ വൈകും. 243 അംഗ നിയമസഭയിൽ 122 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. തിരഞ്ഞെടുപ്പിന് മുൻപുള്ള അഭിപ്രായ സർവേകൾ എൻ.ഡി.എയ്ക്ക് അനുകൂലമായിരുന്നെങ്കിലും വോട്ടെടുപ്പിന് ശേഷമുള്ള എക്സിറ്റ് പോളുകൾ മഹസഖ്യത്തിനാണ് മേൽകൈ നൽകുന്നത്.
15 വർഷത്തോളം നീണ്ട നിതീഷ് കുമാർ ഭരണം അവസാനിപ്പിച്ച് തേജസ്വിയാദവിന്റെ നേതൃത്വത്തിൽ മഹാസഖ്യം അധികാരമേറുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോളുകളുടെയും പ്രവചനം. ഇടതുപാർട്ടികൾ മികച്ചപ്രകടനം നടത്തും.
ജാതിക്കതീതമായി തൊഴിലില്ലായ്മ, കൊവിഡ് പ്രതിസന്ധി തുടങ്ങിയ ജനകീയ വിഷയങ്ങളാണ് തിരഞ്ഞെടുപ്പിൽ പ്രധാനമായും ഉയർന്നത്. മഹാസഖ്യം മുന്നോട്ടുവച്ച 10 ലക്ഷം സർക്കാർ തൊഴിൽ എന്ന മുദ്രാവാക്യം പ്രചാരണത്തിൽ നിർണായകമായി.
കൊവിഡ് സാഹചര്യത്തിൽ മൂന്ന് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിൽ പോളിംഗ് 56.4 ശതമാനമാണ്. 38 ജില്ലകളിലായി വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ എണ്ണം 55 ആയി ഉയർത്തി. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് മുന്നിൽ ആൾക്കൂട്ടം ഒഴിവാക്കാൻ 144 പ്രഖ്യാപിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ നേതൃത്വത്തിൽ എൻ.ഡി.എയും തേജസ്വിയാദവ് മുഖമായ മഹാസഖ്യവും തമ്മിലാണ് പ്രധാനപോരാട്ടം നടന്നത്.
പിറന്നാൾ ആഘോഷിച്ച് തേജസ്വി
മഹാസഖ്യം അധികാരത്തിലെത്തുമെന്ന പ്രതീക്ഷകൾക്കിടെ ഇന്നലെ തന്റെ 31 ാം പിറന്നാൾ വീട്ടിൽ ലളിതമായി ആഘോഷിച്ച് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ തേജസ്വിക്ക് ജന്മദിനാശംസ നേർന്നു. പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങൾ സഹോദരി മിസാ ഭാരതി എം.പി ട്വിറ്ററിൽ പങ്കുവച്ചു. തിരഞ്ഞെടുപ്പ് ഫലം എന്തായാലും സമാധാനം നിലനിറുത്തണമെന്ന് പ്രവർത്തകരോട് തേജസ്വി അഭ്യർത്ഥിച്ചു.