ന്യൂഡൽഹി : തലസ്ഥാനത്തെ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. ദീപാവലി കഴിയുന്നതുവരെ തത്‌സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥാകേന്ദ്രത്തിന്റെ പ്രവചനം. അതേസമയം, വയലുകളിൽ വൈക്കോൽ കത്തിക്കുന്നത് പഞ്ചാബിലെയും സമീപപ്രദേശങ്ങളിലെയും കർഷകർ തുടർന്നതാണ് വായുമലിനീകരണം രൂക്ഷമാക്കിയതെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. അത്യാവശ്യമില്ലെങ്കിൽ ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്ന് ഡൽഹി ആരോഗ്യ മന്ത്രാലയം നിർദേശം നൽകി.
വായുനിലവാരസൂചികയിൽ ഇന്നലെ 469 രേഖപ്പെടുത്തി. അന്തരീക്ഷത്തിലെ നിഷിദ്ധകണമായ പി.എം. പത്തിന്റെ തോത് ഡൽഹി-എൻ.സി.ആർ. മേഖലയിൽ 480 ആയി. ഇതു ശ്വസിച്ചാൽ നേരിട്ടു ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കും. രക്തകോശങ്ങളെ ബാധിക്കുന്ന പി.എം. 2.5-ന്റെ തോത് 292 എന്നും ഇന്നലെ രേഖപ്പെടുത്തി.
പഞ്ചാബിലാണ് ഏറ്റവും കൂടുതലാണ് വൈക്കോൽ കത്തിച്ച സംഭവങ്ങൾ.നാലായിരം സംഭവങ്ങളുണ്ടായെന്നാണ് റിപ്പോർട്ട്. വായുനിലവാരം അതിന്റെ ഗുരുതരമായ രീതിയിലാണ് ഡൽഹിയിൽ. സൂചികയിൽ അൻപതു വരെ രേഖപ്പെടുത്തിയാൽ നല്ലത്, 51-100 രേഖപ്പെടുത്തിയാൽ തൃപ്തികരം, 101 - 200 രേഖപ്പെടുത്തിയാൽ ശരാശരി , 201- 300 മോശം, 301- 400 അതിമോശം, 401- 500 രേഖപ്പെടുത്തിയാൽ രൂക്ഷം എന്നിങ്ങനെയാണ് അന്തരീക്ഷനില വിലയിരുത്തപ്പെടുന്നത്.
ദീപാവലി വലയ്‌ക്കും
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിൽ പടക്കം പൊട്ടിക്കൽ തുടങ്ങി. മലിനീകരണം പൊടുന്നനെ വർദ്ധിക്കാനുളള കാരണവും ഇതാകാം. പടക്കം ഒഴിവാക്കണമെന്ന് സംസ്ഥാന ഭരണകൂടം ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. വായുമലിനീകരണം കുറയ്ക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഡൽഹി സർക്കാർ ഗ്രീൻ ഡൽഹി എന്ന പുതിയൊരു ആപ്പിന് രൂപം നൽകിയിട്ടുണ്ട്. ഈ ആപ്പ് വഴി പൗരന്മാർക്ക് മലിനീകരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ സർക്കാരിന് കൈമാറാൻ കഴിയും.