ന്യൂഡൽഹി: കൊവിഡ് പരിശോധന വർദ്ധിപ്പിക്കണമെന്ന് ആവർത്തിച്ച് കേന്ദ്രം. രോഗിയുമായി സമ്പർക്കത്തിൽ വരുന്ന ശരാശരി 10 മുതൽ 15 വരെ വ്യക്തികളെ തിരിച്ചറിയാനും ആശുപത്രി തിരിച്ചുള്ള പ്രതിദിന മരണം അവലോകനം ചെയ്യാനും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനും കൊവിഡ് പ്രതിരോധ മാർഗങ്ങൾ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, പാർലമെന്റ് അംഗങ്ങൾ, നിയമസഭാംഗങ്ങൾ, ഓരോ പ്രദേശത്തെയും പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കൊവിഡ് സ്ഥിതിഗതികൾ, പൊതുജനാരോഗ്യ നടപടികൾ എന്നിവ സംബന്ധിച്ച് കേരളമടക്കം ഒൻപത് സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാർ, മുതിർന്ന സംസ്ഥാന ഉദ്യോഗസ്ഥർ എന്നിവരുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർദ്ധന്റെ നേതൃത്വത്തിൽ ഇന്നലെ ചർച്ച നടത്തി.