ലാലുജിയെ കാണാൻ പോകുമ്പോൾ വീട്ടിൽ ക്രിക്കറ്റ് ബാറ്റും തട്ടിനിന്ന പയ്യൻ ബീഹാറിന്റെ നായകനായി മഹാസംഖ്യത്തെ നയിക്കുന്നതാണ് തിരഞ്ഞെടുപ്പിൽ കണ്ടത്. ഒരിക്കലും രാഷ്‌ട്രീയത്തിലേക്കില്ലെന്ന് പറഞ്ഞവൻ. പിതാവിനെ എതിരാളികൾ വേട്ടയാടുന്നത് കണ്ട്, വളഞ്ഞിട്ട് ആക്രമിക്കുന്നത് കണ്ട്, ഒടുവിൽ രാഷ്‌ട്രീയത്തിലിറങ്ങുകയല്ലാതെ മറ്റു വഴിയില്ലായിരുന്നു തേജസ്വിക്ക്.
അച്ഛൻ ലാലുവും ക്രിക്കറ്റുമാണ് തനിക്കെല്ലാം എന്ന് ചെറുപ്പത്തിൽ പറയുമായിരുന്നു തേജസ്വി. ക്രിക്കറ്റ് തലയ്‌ക്കു പിടിച്ചിരുന്നു. അങ്ങനെയാണ് ആഭ്യന്തര ക്രിക്കറ്റിലും ഐ.പി.എല്ലിൽ ഡൽഹി ടീമിലുമൊക്കെ കളിച്ചത്. പക്ഷേ അതിനിടെ ബീഹാർ രാഷ്‌ട്രീയത്തിലെ അതികായനായ ലാലുപ്രസാദ് യാദവിനെ എതിരാളികൾ കേസിൽ കുടുക്കി ജയിലിലാക്കി.
മക്കളെ രാഷ്‌ട്രീയത്തിലിറക്കാൻ ലാലുജിയും ആഗ്രഹിച്ചിരുന്നു. പാർട്ടിയിൽ ലാലുജിയുടെ പിൻഗാമി താനാണെന്ന് പപ്പുയാദവ് പറഞ്ഞപ്പോൾ 'മക്കളുണ്ട്' എന്ന് പ്രഖ്യാപിക്കാൻ ലാലു മടിച്ചില്ല. ലാലുജിയുടെ മൂത്തമകൻ തേജ് പ്രതാപ് ചെറുപ്പം മുതൽ സാത്വിക സ്വഭാവമുള്ള ആളാണ്. പിതാവ് ജയിലിലായപ്പോൾ 2015ൽ പാർട്ടിയെ നയിക്കേണ്ട ചുമതല ഏറ്റെടുക്കാൻ തേജസ്വി നിർബന്ധിതനായി. പല കാര്യങ്ങളിലും ഉദ്യോഗസ്ഥർക്കും മറ്റും വഴിവിട്ട സ്വാതന്ത്ര്യം നൽകുന്ന ലാലുജിയുടെ രീതിയല്ല മകന്റേത്. ഇഷ്‌ടപ്പെടാത്ത കാര്യങ്ങൾ ചോദ്യംചെയ്യും. ഉടൻ വരും തീരുമാനവും.
പക്ഷേ അധികാര കുടുംബത്തിൽ വളർന്നതിന്റെ ജാഡയൊന്നും തേജസ്വിക്കില്ല. ചെറുപ്പം മുതലുള്ള ബഹുമാനം മറയില്ലാതെ കാണിക്കും. അടുത്തുവന്ന് വിശേഷം ചോദിക്കും. ലോക്ക്ഡൗൺ കാലത്ത് കേരളത്തിൽ കുടുങ്ങിയ ബീഹാറികളെ നാട്ടിലെത്തിക്കാൻ നടപടികളെടുക്കണമെന്ന് എന്നെ നേരിട്ട് വിളിച്ചു പറഞ്ഞു. ചെയ്‌ത പ്രവൃത്തികൾക്ക് പിന്നീട് നന്ദി പറയാനും വിളിച്ചു.
ഇളയ മകനായത് കൊണ്ടാണോ എന്നറിയില്ല, അമ്മയോട് വല്ലാത്ത അടുപ്പമാണ്. മുൻ മുഖ്യമന്ത്രിയായ അമ്മ റാബ്രിദേവിയോട് ചോദിക്കാതെ പ്രധാന തീരുമാനങ്ങളൊന്നും എടുക്കില്ല. പാർട്ടിയിലെ മുതിർന്ന നേതാക്കളോടും അഭിപ്രായം തേടും.
നേതൃത്വത്തിൽ വന്ന ശേഷം അദ്ദേഹം പാർട്ടിയിൽ ശുദ്ധീകരണം നടത്തിവരികയാണ്. ക്രിമിനൽ സ്വഭാവമുള്ള നേതാക്കളെ പടിപടിയായി ഒഴിവാക്കുന്നു. പല പാർട്ടികളിലും പ്രവർത്തിച്ചവർ ഇവിടെയും കയറിക്കൂടിയതാണ്. രാഷ്‌ട്രീയ ഉത്തരവാദിത്വങ്ങൾ മൂലം മാറ്റിവച്ച വിവാഹവും ഉടൻ നടക്കുമെന്നാണ് പ്രതീക്ഷ. തേജസ്വിക്ക് എല്ലാ ഭാവുകങ്ങളും.