ന്യൂഡൽഹി: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഡൽഹിയിൽ പാർട്ടി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷുമായി ചർച്ച നടത്തി. കേരളത്തിൽ ഡിസംബറിൽ നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകൾ നേതൃത്വവുമായി ചർച്ച ചെയ്തെന്ന് സുരേന്ദ്രൻ പറഞ്ഞു. ഇന്ന് ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയെ കാണും. ബീഹാർ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന തിരക്കായതിനാൽ സമയം ലഭിച്ചിട്ടില്ല. എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സംബന്ധിച്ച് ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുമായി ബി.ജെ.പി നേതൃത്വം കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.
സ്ഥാനാർത്ഥി നിർണയം: അച്ചടക്കമുറപ്പാക്കുമെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഒരിടത്തും പ്രശ്നങ്ങളില്ലെന്നും തികഞ്ഞ അച്ചടക്കത്തോടെയും ജാഗ്രതയോടെയുമാണ് കോൺഗ്രസ് പ്രവർത്തകർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അച്ചടക്കലംഘനം ആര് നടത്തിയാലും, അതെത്ര മുതിർന്ന നേതാവായാലും അംഗീകരിക്കില്ല. ബാർ കോഴക്കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ രാഷ്ട്രീയലക്ഷ്യം വച്ചുള്ളവ മാത്രമാണ്. അതിനെ ഗൗരവമായെടുക്കേണ്ട.
ആരോപണങ്ങളുടെ നീർച്ചുഴിയിൽപ്പെട്ട സർക്കാർ അതിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാനാണ് എം.സി ഖമറുദ്ദീൻ എം.എൽ.എയ്ക്കെതിരെ ദ്രുതഗതിയിൽ നടപടിയെടുത്തത്. ഖമറുദ്ദീനെതിരായ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന മുസ്ലിംലീഗിന്റെ അഭിപ്രായമാണ് കോൺഗ്രസിനുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
തുടർച്ചയായി സംവരണ വാർഡ് :
കൂടുതലിടത്ത് ബാധകം
കൊച്ചി : തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ തുടർച്ചയായി രണ്ടു തവണ സംവരണ വാർഡുകളായവയെ ഒഴിവാക്കി മറ്റു വാർഡുകളിൽ നിന്ന് നറുക്കിട്ട് ഇത്തവണ സംവരണ വാർഡുകൾ തിരഞ്ഞെടുക്കണമെന്ന വിധി മലപ്പുറം, കോതമംഗലം നഗരസഭകളിലെയും പറവൂർ, കൊണ്ടോട്ടി ബ്ളോക്ക് പഞ്ചായത്തുകളിലെയും അയിരൂർ, ശാസ്താംകോട്ട, മൈലപ്പാറ, ശ്രീമൂലനഗരം എന്നീ പഞ്ചായത്തുകളിലെയും വാർഡുകൾക്കു കൂടി ഹൈക്കോടതി ബാധകമാക്കി.