ന്യൂഡൽഹി: ബീഹാറിൽ ഇന്ന് ഫലം വരാനിരിക്കെ തങ്ങളുടെ സ്ഥാനാർത്ഥികളെയെല്ലാം പട്നയിലെ ഹോട്ടലിലേക്ക് കോൺഗ്രസ് മാറ്റുന്നതായി റിപ്പോർട്ട്. തൂക്കുസഭയുടെ സാഹചര്യമുണ്ടായാൽ ബി.ജെ.പി വിലപേശൽ നടത്താൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ഈ മുൻകരുതൽ. ഫലം പൂർണമായി പുറത്തുവന്നാലുടൻ നിയുക്ത എം.എൽ.എമാരെ പഞ്ചാബിലേക്കോ രാജസ്ഥാനിലേക്കോ മാറ്റിയേക്കും. മഹാസഖ്യം അധികാരത്തിൽ വരുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി നിർദ്ദേശിച്ചതിനെ തുടർന്ന് ജനറൽ സെക്രട്ടറിമാരായ രൺദീപ് സുർജെവാലയെയും അവിനാശ് പാണ്ഡെയും പട്നയിലെത്തിയിട്ടുണ്ട്.