നിരോധനം ദേശീയ ഹരിത ട്രൈബ്യൂണലിന്റേത്
ന്യൂഡൽഹി : 2019 നവബംറിൽ വായുനിലവാരം മോശം രേഖപ്പെടുത്തിയ രാജ്യത്തെ ഡൽഹി (എൻ.സി.ആർ) അടക്കം എല്ലാ നഗരങ്ങളിലും ദീപാവലിയ്ക്ക് പടക്കത്തിന് നിരോധനം ഏർപ്പെടുത്തി ദേശീയ ഹരിത ട്രൈബ്യൂണൽ. വായുമലിനീകരണം അപകടകരമാവും വിധം വർദ്ധിച്ച സാഹചര്യത്തിൽ പടക്കം പൊട്ടിക്കൽ സ്ഥിതിഗതി വഷളാക്കുമെന്ന് കണ്ടെത്തിയതോടെയാണ് നവംബർ 30 അർദ്ധരാത്രി വരെ നിരോധനം ഏർപ്പെടുത്തിയത്. നിരോധനം ഇന്ന് പുലർച്ചെ പ്രാബല്യത്തിൽ വന്നു. 'പടക്കം പൊട്ടിക്കുന്നത് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാനാണെന്നും അല്ലാതെ മരണവും അസുഖവും ആഘോഷമാക്കാനല്ല പടക്കം പൊട്ടിക്കുന്നതെന്നും ' ദേശീയ ഹരിത ട്രൈബ്യൂണൽ ചെയർപേഴ്സൺ ജസ്റ്റിസ് ആദർശ് കുമാർ ഗോയൽ അഭിപ്രായപ്പെട്ടു.
മോശം വായുനിലവാരം രേഖപ്പെടുത്തിയ നഗരങ്ങളിൽ / ഗ്രാമങ്ങളിൽ ദീപാവലിയ്ക്ക് പടക്കം വിൽക്കുന്നതും വാങ്ങുന്നതും പൊട്ടിക്കുന്നതിനും പൂർണ നിരോധനം ഏർപ്പെടുത്തി.വായുനിവാരം തൃപ്തികരം രേഖപ്പെടുത്തിയ ഇടങ്ങളിൽ സംസ്ഥാന സർക്കാരുകൾ നിർദേശിക്കുന്ന രണ്ട് മണിക്കൂർ പടക്കം പൊട്ടിക്കാനായി ഉപയോഗിക്കാമെന്നും നിർദേശത്തിൽ പറയുന്നു. ഇവിടങ്ങളിൽ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുന്ന പടക്കങ്ങൾക്ക് പകരം വർണങ്ങളും വെളിച്ചവും പുറപ്പെടുവിക്കുന്ന തരം മത്താപ്പ്, പൂത്തിരി അടക്കമുള്ള ഉപയോഗിക്കാമെന്നും നിർദ്ദേശത്തിൽ പറയുന്നു.
നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ തക്കതായി സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്നും ട്രൈബ്യൂണൽ നിർദ്ദേശിക്കുന്നു. കേന്ദ്ര - സംസ്ഥാന പുക നിയന്ത്രണ ബോർഡുകളും ഈ ദിവസങ്ങളിൽ വായുനിലവാരം സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കും. വിവരങ്ങൾ ബോർഡ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ഹരിത ട്രൈബ്യൂണലിന് റിപ്പോർട്ടായി അയക്കണമെന്നും നിർദ്ദേശിക്കുന്നു. പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡൽഹി, ഒഡിഷ, രാജസ്ഥാൻ, സിക്കിം അടക്കമുള്ള സംസ്ഥാനങ്ങൾക്കും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനും ഈ മാസം 2ന് ട്രൈബ്യൂണൽ കത്ത് അയച്ചിരുന്നു. നിരോധന കാലത്ത് പടക്കം പൊട്ടിച്ചാൽ ഒന്നര വർഷം മുതൽ ആറു വർഷം വരെ ജയിലിലടയ്ക്കുമെന്നാണ് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് അറിയിച്ചിരിക്കുന്നത്.