delhi

ഇതുപോലൊരു തണുപ്പുകാല വരവേൽപ്പ് ഡൽഹിയുടെ ചരിത്രത്തിലെങ്ങുമില്ല. ഒക്ടോബറും നവംബറും ശ്വാസം മുട്ടിക്കുമെന്നറിയാം. പക്ഷേ ഇത്രയും കേമമാകുമെന്ന് കരുതിയില്ല. ഇടിവെട്ടിയവനെ പാമ്പുകടിച്ചപോലെ കൊവിഡും.

ദീപാവലിയെത്തും മുൻപ് ഡൽഹിയിലെ ആകാശത്ത് ആകുലതകൾ നിറയുന്നതിനെക്കുറിച്ച് ഈ കോളത്തിൽ പറഞ്ഞു വച്ചിട്ട് അധികമായിട്ടില്ല. ഇക്കുറി സംഗതി അൽപം കൈവിട്ട അവസ്ഥയിലാണ്. അതുകൊണ്ടാണ് അടുത്ത വർഷത്തേക്ക് വച്ച ആകുലതകൾ ഇടയ്‌ക്ക് വീണ്ടും പൊടിത്തട്ടിയെടുത്തത്. അപ്പോൾ പറഞ്ഞുവന്നത് ഞങ്ങൾ ഡൽഹിക്കാർ പേടിച്ചപോലെ തന്നെ സംഭവിച്ചു. അല്ല, അതിലുമപ്പുറം.

സൂര്യനെ തെളിച്ചത്തോടെ കണ്ടിട്ട് ദിവസങ്ങളായി. തണുത്ത ചായ പോലൊരു വെയിലുമായി സാന്നിധ്യമറിയിക്കുന്നുണ്ടെന്ന് മാത്രം. അന്തരീക്ഷം നിറഞ്ഞ പുകമഞ്ഞിൽ കുരുങ്ങി വെളിച്ചം ഡൽഹി മണ്ണിലെത്താറില്ല. മഞ്ഞെന്നു കേൾക്കുമ്പോൾ കാവ്യഭംഗിയുണ്ട്. പക്ഷേ പൊടിപടലങ്ങൾ നിറഞ്ഞ് പാടപോലെ അന്തരീക്ഷത്തെ ആവരണം ചെയ്യുന്ന പുക കണ്ടാൽ കവികൾ നാടുവിടും. പുറത്തിറങ്ങിയാൽ ശ്വാസം മുട്ടും. അല്ലെങ്കിൽ തലവേദന ഉറപ്പ്. മൂക്കടപ്പും കഫക്കെട്ടും ഗ്യാരന്റി.

വായുനിലവാര സൂചികയിൽ(എയർ ക്വാളിറ്റി ഇൻഡക്‌സ്-എ.ക്യൂഐ) കഴിഞ്ഞ ദിവസം 469 വരെ രേഖപ്പെടുത്തി (50ന് മുകളിലായാൽ തന്നെ കുഴപ്പമാണ്.പരമാവധി 100വരെയാകാം) അന്തരീക്ഷത്തിലെ സൂക്ഷ്മണകണങ്ങളായ പി.എം. 10ന്റെ കഴിഞ്ഞ ദിവസത്തെ അളവ് 480. ഇവ മൂക്കിലൂടെ നേരിട്ട് ശ്വാസകോശത്തിലെത്തി കുത്തി നിന്ന് ശ്വാസംമുട്ടൽ, ജലദോഷം, കഫക്കെട്ട്, അലർജി രോഗങ്ങൾ സമ്മാനിക്കും. സൂക്ഷ്മ കണങ്ങളിലെ പി.എം 2.5ന്റെ അളവും അപകടനില കഴിഞ്ഞ് കുതിക്കുന്നു. നമ്മുടെ രക്തകോശങ്ങളാണ് പി.എം. 2.5ന് താത്പര്യം. (വാഹനങ്ങളും ഫാക്‌ടറികളും മിണ്ടാതിരുന്ന ലോക്ക്ഡൗൺ കാലത്ത് പി.എം 10 അളവ് 68ഉം പി.എം 2.5 അളവ് 35 ആയിരുന്നു -ഓർക്കുമ്പോൾ തന്നെ ഒരു സുഖം). കാര്യങ്ങൾ കൈവിട്ട അവസ്ഥയിൽ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് പറയുന്നു സർക്കാർ. കൊവിഡിനെപ്പോലും കൂസാത്ത ആളുകളാണ്. പക്ഷേ എന്തുചെയ്യും.

പുകയ്‌ക്കുന്ന അയൽക്കാർ

സെപ്‌തംബർ മാസത്തോടെ ഹരിയാനയിലും പഞ്ചാബിലും കൊയ്‌ത്തുകഴിഞ്ഞ പാടങ്ങൾ അടുത്ത വിളവെടുപ്പിന് പാകമാക്കാൻ ഉണങ്ങിയ മുറിക്കറ്റകൾ തീയിടുന്നതും അവിടെ നിന്നുയരുന്ന പുക ഡൽഹിയെ ശ്വാസം മുട്ടിക്കാനെത്തുന്നതും കുറച്ചു വർഷങ്ങളായി പതിവാണല്ലോ. അതുകൊണ്ട് നിയന്ത്രണങ്ങളും നടപടികളുമൊക്കെ പ്രതീക്ഷിച്ചതാണ്. ഇക്കുറിയും അയൽനാടുകളിൽ കൊയ‌്ത്തു കഴിഞ്ഞു. ഡൽഹിക്കാരെക്കുറിച്ച്, ഞങ്ങളുടെ ആകുലതകളെക്കുറിച്ച്, സ്പോഞ്ചുപോലുള്ള ശ്വാസകോശങ്ങളെക്കുറിച്ച്, അവർ ഓർത്തില്ല. പുകയുർന്ന് എന്നത്തേയും പോലെ ഡൽഹിക്കു മുകളിലെത്തി. അതിനെ ഓടിച്ചു വിടാൻ മഴയുമില്ല, മഴത്തുള്ളിയുമില്ല, എന്തിന് ഒരു മന്ദമാരുതൻ പോലുമില്ല. കഴിഞ്ഞ വർഷത്തെക്കാൾ 40 ശതമാനം തീയിടൽ കൂടിയെന്നാണ് റിപ്പോർട്ട്. കൊവിഡ് മൂലം തൊഴിലാളി ക്ഷാമം കണക്കിലെടുത്ത് പലരും നേരത്തെ വിളവെടുത്തുവത്രേ. കഴിഞ്ഞ 46 ദിവസത്തിനിടെ വയൽ തീയിട്ട 50,000 സംഭവങ്ങൾ റിപ്പോർട്ടു ചെയ്‌തു.

ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം പതിവുപോലെ കോടതിയും കയറി. കോടതിയിൽ പ്രസ്‌താവിച്ചതിന് പിറകെ ഒരു കോടി രൂപ പിഴയും അഞ്ചുവർഷം തടവു ശിക്ഷയും വ്യവസ്ഥയുള്ള ഓർഡിനൻസും കൊണ്ടുവന്നു കേന്ദ്രസർക്കാർ. പക്ഷേ പുകയ്‌ക്കുമാത്രം ഒരു കുറവുണ്ടായില്ലെന്ന് മാത്രം. അയൽ സംസ്ഥാനങ്ങളിൽ വയൽ കത്തിക്കൽ അനസ്യൂതം തുടരുന്നു.

വില്ലൻമാർ വേറെയുമുണ്ട്. വാഹനങ്ങളും വ്യവസായങ്ങളും പുറത്തുവിടുന്ന പുക, കെട്ടിട നിർമ്മാണ മേഖലകളിൽ നിന്നുയരുന്ന പൊടിപടലങ്ങൾ, മുനിസിപ്പൽ ഖരമാലിന്യങ്ങൾ കത്തിക്കൽ, തണുപ്പ് ചെറുക്കാൻ ഇലകൾകൂട്ടിയിട്ട് കത്തിക്കൽ, ദീപാവലി അടുപ്പിച്ച് പടക്കങ്ങൾ പൊട്ടിക്കുന്നത് തുടങ്ങിയവയും ഡൽഹിയെ ഗ്യാസ് ചേംബറാക്കാൻ മത്സരിക്കുന്ന ഘടകങ്ങൾ. ഇവ സമ്മാനിക്കുന്ന കാർബൺ, നൈട്രജൻ സംയുക്തങ്ങൾ അന്തരീക്ഷത്തെ ചീത്തയാക്കും. വയൽ കത്തിക്കലിനൊപ്പം മേൽപറഞ്ഞ അനുബന്ധ ഘടകങ്ങൾക്കും നിയന്ത്രണവും നിരോധനവും ഏർപ്പെടുത്താറുണ്ട്. അന്തരീക്ഷത്തിൽ അതു പ്രതിഫലിക്കാറില്ലെന്നത് വസ്‌തുത.

ശൈത്യകാലത്തെ മലിനീകരണമെന്ന് പറയുമ്പോൾ അതുകഴിഞ്ഞ് ഡൽഹിയിൽ അന്തരീക്ഷം ശുദ്ധമാണെന്നല്ല. വർഷം മുഴുവൻ ഇവിടെ അന്തരീക്ഷം മാലിന്യപൂരിതമാണ്. ഒക്ടോബർ, നവംബർ മാസങ്ങളിലത് പാരമ്യത്തിലെത്തുന്നു. അതായത് മറ്റു മാസങ്ങളിൽ വയൽകത്തിക്കലും ദീപാവലി പടക്കങ്ങളുംഒഴിച്ചുള്ള ഘടകങ്ങൾ നിലനിൽക്കുന്നതിനാൽ ഡൽഹിയുടെ ശരാശരി വായുഗുണനിലവാര സൂചിക 200-300 എന്ന തോതിലാണ്. (പുകമാലിന്യങ്ങളിൽ വയൽ കത്തിക്കലിൽ നിന്നുള്ള സംഭാവന 15ശതമാനം മാത്രമാണെന്നാണ് പഠനങ്ങൾ കണ്ടെത്തിയത്.)

സ്‌പ്രേ, ജൈവ ലായനി, മാസ്‌ക്

അന്തരീക്ഷത്തിലെ പുകപടലങ്ങൾ രാജ്യതലസ്ഥാനത്തെ പച്ചപുതപ്പിച്ച മരങ്ങളുടെ ഇലകളിൽ വന്നടിയുമ്പോൾ ഫയർഫോഴ്സ് വന്ന് വെള്ളമടിച്ച് വൃത്തിയാക്കുന്നത് ഏതാനും വർഷങ്ങളായി പതിവ് കാഴ്ചയാണ്. വെള്ളത്തുള്ളികൾ സ്‌പ്രേ ചെയ്‌ത് അന്തരീക്ഷം വൃത്തിയാക്കുന്ന കൂറ്റൻ സ്‌മോക്ക് ഗണ്ണുകളാണ് ഇക്കുറി താരങ്ങൾ. കഴിഞ്ഞ വർഷം വരെ പുകയെ ചെറുക്കാൻ തണുപ്പുകാലത്ത് മാത്രം ധരിച്ചിരുന്ന മാസ്‌ക്, കൊവിഡ് മൂലം ആളുകളുടെ മുഖത്ത് നേരത്തെ കയറിക്കൂടിയിരുന്നല്ലോ. വായുമലിനീകരണം കുറയ്‌ക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഡൽഹി സർക്കാർ വക ഗ്രീൻ ഡൽഹി എന്നൊരു മൊബൈൽ ആപ്പുമുണ്ട്. മലിനീകരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ആപ്പിലൂടെ സർക്കാരിന് കൈമാറാം.

കൂനിൻമേൽ കുരു

ഇക്കഴിഞ്ഞ മാർച്ച് മുതൽ നാടുമുഴുവൻ കൊവിഡ് കയറി നിരങ്ങിയപ്പോൾ രാജ്യതലസ്ഥാനത്ത് മൃതദേഹം മറവു ചെയ്യാൻ സ്ഥലം അന്വേഷിച്ച് നടക്കേണ്ട ഗതികേടിലായിരുന്നു ഡൽഹി സർക്കാർ. റോക്കറ്റ് പോലെ കൊവിഡ് കുതിച്ചെങ്കിലും ഭ്രമണപഥത്തിലെത്തും മുൻപ് അതു താഴോട്ടു വന്നു. കൊവിഡിനെ തുരത്തിയെന്ന ഗമയിൽ ഡൽഹിക്കാർ മാസ്കുകൾ കഴുത്തിൽ അലങ്കാരമാക്കി കളിച്ചുല്ലസിച്ച് തുടങ്ങി. അപ്പോഴാണ് അന്തരീക്ഷ മലിനീകരണത്തിനും ശൈത്യത്തിനുമൊപ്പം കൊവിഡ് വീണ്ടും കുതിക്കാൻ തുടങ്ങിയത്. കുറച്ചു ദിവസമായി 7000ത്തിന് മുകളിൽ പ്രതിദിന കേസുകൾ റിപ്പോർട്ടു ചെയ്യുന്നു.

ഓണമാഘോഷിച്ച് കൊവിഡ് കൂട്ടിയെന്ന് പഴികേട്ടവരാണ് മലയാളികൾ. ഇനി ഡൽഹിയുടെ ഊഴമാണ്. ആഘോഷമില്ലാതെ എന്തു ഡൽഹി. അല്ലെങ്കിലേ കൊവിഡിനെ വലിയ കാര്യമാക്കാത്തവർ. എല്ലാ സംസ്ഥാനങ്ങളും പുറത്തു നിന്നുവരുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമാക്കിയപ്പോൾ ഇവിടെ കൈയും വീശി വന്ന് പുറത്തിറങ്ങി നടക്കാൻ സ്വാതന്ത്ര്യം നൽകി. എന്നിട്ടും രോഗം കുറഞ്ഞു. (എങ്ങനെയാണോ എന്തോ) ഡൽഹിയിൽ കൊവിഡ് വാഴില്ലെന്ന് അവർ ചിന്തിച്ചു തുടങ്ങി. ഇപ്പോഴും മാസ്‌ക് 'വേണമെങ്കിൽ ആവാം' എന്ന മട്ടാണ്. ദീപാവലി ഷോപ്പിംഗ് തിരക്കിൽ സാമൂഹിക അകലമൊക്കെ എല്ലാവരും മറന്നു. ഇതിനിടെ തണുപ്പ് കൂടി. അന്തരീക്ഷത്തിൽ പുക നിറഞ്ഞു. ശ്വസനസംബന്ധിയായ പ്രശ്‌നങ്ങൾ കൂടി. അതോടെ കൊവിഡ് വൈറസും ആഘോഷം തുടങ്ങി.

ഡൽഹിയിലിപ്പോൾ കൊവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗമായെന്നാണ് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ പറഞ്ഞത് (മൂപ്പർ കൊവിഡ് ബാധിച്ച് അവിശ്വസനീയമായ രീതിയിൽ തിരിച്ചുവന്ന ആളാണ് ). കാര്യങ്ങൾ വൈകാതെ നിയന്ത്രണ വിധേയമാകുമെന്നും അദ്ദേഹം പറയുന്നു. പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിച്ച് കൊവിഡ് കാലത്തെ ബോറടിമാറ്റാമെന്ന പ്രതീക്ഷയും പോയി. ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും ദീപാവലി വരെ പടക്കങ്ങൾ നിരോധിച്ചിരിക്കുന്നു. മുകളിൽ പുക, താഴെ കൊവിഡ്, മനസിൽ ആധി. 'തടപ്‌താ ഹെ ദിൽ ദില്ലി കാ' (പിടയ്‌ക്കുന്നു ദില്ലിയുടെ ഹൃദയം )