സൗഭാഗ്യങ്ങളും നിർഭാഗ്യങ്ങളും തേജസ്വി യാദവിനൊപ്പമുണ്ട്. ക്രിക്കറ്റിലായിരുന്നു ആദ്യ ഇന്നിംഗ്സ്. ഐ.പി.എൽ ടീമിൽ അംഗമായിട്ടും കളിക്കാൻ അവസരം ലഭിച്ചില്ല. ചെറുപ്രായത്തിൽ ഉപമുഖ്യമന്ത്രിയായെങ്കിലും അധികകാലം നീണ്ടില്ല. പ്രാധനമന്ത്രി മോദിയെയും മുഖ്യമന്ത്രി നിതീഷിനെയും എതിരിട്ട്, ബീഹാറിന്റെ അധികാരം പിടിക്കാനുള്ള പടയോട്ടമായിരുന്നു ഈ തിരഞ്ഞെടുപ്പ്. എക്സിറ്റ് പോളുകൾ തേജസ്വി മുഖ്യമന്ത്രിയാകുമെന്നാണ് പ്രവചിച്ചത്. പക്ഷേ ഇന്നലെ രാത്രി വരെയുള്ള ഫലങ്ങൾ ശുഭ സൂചനയല്ല. എങ്കിലും രാഷ്ട്രീയ ഇന്നിംഗ്സിൽ തേജസ്വിക്ക് ഇനിയും വർഷങ്ങൾ ബാക്കിയുണ്ട്.
ലാലുവിന്റെ പിൻഗാമി
ലാലുപ്രസാദ് യാദവിൻെറയും റാബ്റി ദേവിയുടെയും ഒൻപത് മക്കളിൽ ഇളയവൻ. ജനനം 1989 നവംബർ 9ന്. ലാലു ആദ്യമായി ബീഹാർ മുഖ്യമന്ത്രിയാകുന്നതിന് നാലുമാസം മുൻപ്. ആൺമക്കളിൽ രണ്ടാമൻ. ഇപ്പോൾ ആർ.ജെ.ഡിയിൽ ഒന്നാമൻ. മൂത്തമകൻ തേജ് പ്രതാപിന് പകരം തേജസ്വിയെയാണ് തന്റെ രാഷ്ട്രീയ പിൻഗാമിയായി ലാലു തിരഞ്ഞെടുത്തത്. ഏഴ് സഹോദരിമാരിൽ രാജ്യസഭാംഗമായ മിസാഭാരതി മാത്രമാണ് രാഷ്ട്രീയത്തിലുള്ളത്.
നഷ്ടങ്ങളുടെ ക്രീസ്
ഡൽഹി ആർ.കെ പുരം പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു തേജസ്വി. ക്രിക്കറ്റിൽ കമ്പം കയറി സ്‌കൂൾ ടീമിന്റെ ക്യാപ്‌റ്റനായി. പത്താം ക്ലാസ് പാസായില്ല. ഡൽഹി അണ്ടർ 19 ടീമിൽ അംഗമായി. 2008ൽ ഐ.പി.എല്ലിൽ ഡൽഹി ഡെയർ ഡെവിൾസ് ടീമിൽ. തുടർച്ചയായ സീസണുകളിൽ ടീമിന്റെ ഭാഗമായെങ്കിലും ഒരിക്കലും കളിക്കാൻ അവസരം ലഭിച്ചില്ല. ജാർഖണ്ഡ് രഞ്ജി ടീമിൽ കളിച്ചെങ്കിലും പ്രകടനം മോശമായിരുന്നു. 2012ൽ കളി അവസാനിപ്പിച്ചു. പിന്നീട് രാഷ്ട്രീയ ഇന്നിംഗ്‌സിൽ.
മന്ത്രിക്ക് 40,000 പ്രണയ സന്ദേശങ്ങൾ
2010ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യ രാഷ്ട്രീയ പ്രസംഗം. ലാലുവിനൊപ്പം റാലികളിൽ സജീവമായി. 2015ൽ കന്നിയങ്കം. ലാലുവിന്റെ രാഘോപുരിൽ അമ്മ റാബ്റി ദേവിയെ തോൽപ്പിച്ച ബി.ജെ.പിയുടെ സതീഷ്‌കുമാർ യാദവിനെ തോൽപ്പിച്ച് വരവറിയിച്ചു. 26ാം വയസിൽ മഹാസഖ്യം സർക്കാരിൽ ഉപമുഖ്യമന്ത്രി. റോഡിന്റെ ശോചനീയാവസ്ഥ അറിയിക്കാൻ തേജസ്വി ഒരു വാട്സാപ്പ് നമ്പർ ജനങ്ങൾക്ക് നൽകി. വന്നത് 40,000ത്തോളം പ്രണയ സന്ദേശങ്ങൾ ! അഴിമതി കേസിൽ സി.ബി.ഐ കേസെടുത്തതോടെ മുഖ്യമന്ത്രി നിതീഷുമായി ഇടഞ്ഞു. മഹാസഖ്യം 2017 ജൂലായിൽ തകർന്നു. പിന്നെ പ്രതിപക്ഷനേതാവ്.
ആർ.ജെ.ഡിയുടെ പുതിയ മുഖം
സോഷ്യൽമീഡിയ രാഷ്ട്രീയത്തിലേക്ക് ആർ.ജെ.ഡിയെ നയിച്ചത് തേജസ്വിയാണ്. ലാലു ജയിലിലായതോടെ പാർട്ടി നിയന്ത്രണത്തിലെത്തി. അകത്തിരുന്ന് ലാലു ഉപദേശങ്ങൾ നൽകുമെങ്കിലും തീരുമാനമെടുക്കുന്നത് തേജസ്വിയാണ്. ലാലുവിന്റെ അഭാവത്തിൽ തേജസ്വിയുടെ നേതൃത്വത്തിൽ ആർ.ജെ.ഡി 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടു. മുതിർന്ന നേതാക്കളെ ബഹുമാനിക്കുന്നില്ല, ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നു,... പരാതികൾ ഉയർന്നു. മോദി തരംഗത്തിൽ ആർ.ജെ.ഡി തകർന്നടിഞ്ഞു. തേജസ്വി മാറി. ഇടതുപക്ഷത്തെ ഉൾപ്പെടുത്തി മഹാസഖ്യം കെട്ടിപ്പടുത്തു. അനുഭവസമ്പന്നരെയും യുവാക്കളെയും ഒപ്പം നിറുത്തി. പത്തുലക്ഷം തൊഴിൽ വാഗ്ദാനത്തോടെ യുവാക്കളിൽ ആവേശം നിറച്ചു. പ്രതീക്ഷയോടെയാണ് ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത്....