mp-election

ന്യൂഡൽഹി: മിനി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രതീതിയുണർത്തിയ മദ്ധ്യപ്രദേശിലെ 28 സീറ്റിൽ അടക്കം 11 സംസ്ഥാനങ്ങളിലെ 58 അസംബ്ലി സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് മുൻതൂക്കം. മദ്ധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച് അധികാരത്തിലേറിയ ശിവ്‌രാജ് സിംഗ് ചൗഹാന്റെ ബി. ജെ. പി സർക്കാരിന്റെ ഭാവി ഈ ഉപ തിരഞ്ഞെടുപ്പിനെ ആശ്രയിച്ചായിരുന്നു. ബി.ജെ.പി 19 സീറ്റിൽ മുന്നിലാണ്.

ഉത്തർപ്രദേശിൽ ഏഴ് സീറ്റിൽ അഞ്ചിലും മുന്നിലെത്തിയ ബി. ജെ. പി ഗുജറാത്തിൽ കോൺഗ്രസിന്റെ എട്ട് സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുത്തും മണിപ്പൂരിൽ നാലും കർണാടകയിൽ രണ്ടും തെലങ്കാനയിലെ ഒരു സീറ്റും നേടി.

ബി.ജെ.പിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ അനുയായികളായ 25 കോൺഗ്രസ് എം.എൽ.എമാരുടെ രാജിയും മൂന്ന് എം.എൽ.എമാരുടെ മരണവുമാണ് മദ്ധ്യപ്രദേശിൽ 28 സീറ്റിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. 230 അംഗ സഭയിൽ 107അംഗങ്ങളുള്ള ബി.ജെ.പിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷത്തിന് ഒൻപത് സീറ്റിങ്കിലും നേടണമായിരുന്നു. ബി.എസ്.പി ( 2)​, സമാജ്‌വാദി (1)​, നാല് സ്വതന്ത്രർ എന്നിവരുടെ പിന്തുണയോടെയാണ് ഇപ്പോൾ ഭരിക്കുന്നത്. കോൺഗ്രസ് എം.എൽ.എമാർ രാജിവച്ചതോടെ ഭരണം പോയ കോൺഗ്രസിന് നിലവിൽ 88 സീറ്റുണ്ട്. ഭരണം തിരിച്ചു പിടിക്കാൻ അവർക്ക് 28 മണ്ഡലങ്ങളിലും ജയിക്കണമായിരുന്നു. 27ഉം കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളാണ്.

പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട ഹാഥ്‌രാസ്, ബി.ജെ.പി എം.എൽ.എ പ്രതിയായ ഉന്നാവോ പീഡനം തുടങ്ങിയ വിവാദങ്ങൾ ഉത്തർപ്രദേശിൽ ഉപതിരഞ്ഞെടുപ്പിനെ സ്വാധീനിച്ചില്ല. ഉന്നാവോ കേസിൽ പ്രതിയായ കുൽദീപ് സിംഗ് രാജിവച്ച ബാൻഗാർമൗവിൽ ഉൾപ്പെടെ ബി.ജെ.പി മുന്നിലാണ്.

ഗുജറാത്തിൽ രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് എം.എൽ.എമാർ രാജിവച്ച എട്ട് മണ്ഡലങ്ങളും ബി.ജെ.പി തൂത്തുവാരി. .

മണിപ്പൂരിൽ അഞ്ച് സീറ്റിൽ നാലെണ്ണം ബി.ജെ.പി നേടി. ഒരു സീറ്റിൽ ജയിച്ചത് സ്വതന്ത്രനാണ്.

കർണാടകയിൽ രാജരാജേശ്വരി നഗറിൽ ബി.ജെ.പി സ്ഥാനാർത്ഥി മുൻ കോൺഗ്രസ് എം.എൽ.എ മുനിരത്ന നായിഡു സിറ്റിംഗ് സീറ്റ് നിലനിറുത്തി. ജെ.ഡി.എസ് എം.എൽ.എ മരിച്ച സൈറ മണ്ഡലം ബി.ജെ.പി പിടിച്ചെടുത്തു.

ജാർഖണ്ഡിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ മുൻ തിരഞ്ഞെടുപ്പിൽ ജയിച്ച രണ്ട് സീറ്റിലൊന്നായ ദുംകയിൽ സഹോദരനും ജെ.എം.എം നേതാവുമായ ബസന്ത് സോറൻ ബി.ജെ.പിയുടെ വെല്ലുവിളി അതിജീവിച്ച് ജയിച്ചു. ഒരു സീറ്റിൽ കോൺഗ്രസ് ജയിച്ചു.

ഒഡീഷയിൽ ബാലസോർ, തിർത്തോൾ സീറ്റുകളിൽ ഭരണകക്ഷിയായ ബി.ജെ.ഡി ജയിച്ചു. തിർത്തോൾ ബി.ജെ.പിയിൽ നിന്ന് പിടിച്ചെടുത്തതാണ്. നാഗാലാൻഡിൽ ഒരു സീറ്റ് നാഷണലിസ്‌റ്റ് പ്രോഗ്രസീവ് പാർട്ടിയും ഒരെണ്ണം സ്വതന്ത്രനും ജയിച്ചു

ഹരിയാനയിലെ ബറോഡ മണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥിയും ഗുസ്‌തിതാരവുമായ യോഗേശ്വർദത്തിനെ വീഴ്‌ത്തി കോൺഗ്രസിന്റെ ഇന്ദുരാജ് നിലനിറുത്തി. ഛത്തീസ്ഗഡിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി അജിത് ജോഗിയുടെ മർവാഹി സീറ്റിൽ കോൺഗ്രസ് ജയിച്ചു.

തെലങ്കാനയിലെ ടി.ആർ.എസ് എം.എൽ.എ സോളിപെട്ട രാമലിംഗ റെഡ്ഡി മരിച്ച ഡബ്ബാക് സീറ്റിൽ അദ്ദേഹത്തിന്റെ വിധവ സുജാതയെ അട്ടിമറിച്ചാണ് ബി.ജെ.പി ജയിച്ചത്.