ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ ജീവന് ഭീഷണിയുണ്ടെന്നും അദ്ദേഹത്തെ രക്ഷിക്കാൻ പൊതുസമൂഹം ഇടപെടണമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട അഴിമതി രഹസ്യങ്ങളെല്ലാം അറിയുന്നവരാണ് സി.എം.രവീന്ദ്രനും പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനും. രവീന്ദ്രനെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്‌ത് സത്യങ്ങൾ പുറത്തുവന്നാൽ മുഖ്യമന്ത്രി പരുങ്ങലിലാകും. സി.പി.എം എന്തുംചെയ്യാനും മടിക്കാത്ത പാർട്ടിയാണ്. കൊവിഡ് ബാധിച്ച രവീന്ദ്രന്റെ ചികിത്സാവിവരങ്ങൾ രഹസ്യമാണ്. വിവരങ്ങളൊക്കെ മറച്ചുവയ്‌ക്കാൻ ഇതു ചൈനയൊന്നുമല്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രവീന്ദ്രന്റെ ജീവന് ഭീഷണിയുണ്ടെന്ന് പറയുന്നത്. കേവലം സംശയങ്ങളല്ല. അദ്ദേഹത്തെ രക്ഷിക്കാൻ പൊതുസമൂഹം അടിയന്തരമായി ഇടപെടണം. ഡൽഹിയിൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വത്തെ കാണാൻ വന്നതാണെന്നും പാർട്ടിയിൽ തർക്കങ്ങളുണ്ടെന്നത് മാദ്ധ്യമങ്ങളുടെ കഥകൾ മാത്രമാണെന്നും സുരേന്ദ്രൻ പറഞ്ഞു.