covid-bed

ന്യൂഡൽഹി: ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലെ 80 ശതമാനം കിടക്കകൾ, കൊവിഡ് രോഗികൾക്ക് മാറ്റി വച്ച സർക്കാർ തീരുമാനം സ്റ്റേ ചെയ്ത ഹൈക്കോടതി നിലപാടിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. ഹൈക്കോടതി തന്നെ വിഷയം വേണ്ടവിധം കേട്ട് തീരുമാനമെടുത്താൽ മതിയെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ ഉൾപ്പെട്ട ബെഞ്ച് അറിയിച്ചു. കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ അടിയന്തിരമായി പ്രശ്നം പരിഹരിക്കണമെന്നും കോടതി അറിയിച്ചു.

കൊവിഡിനായി കിടക്കകളിൽ ഭൂരിഭാഗവും മാറ്റിവച്ചാൽ മറ്റ് അസുഖങ്ങൾക്ക് ചികിത്സ തേടിയെത്തുന്നവ‌ർക്ക് ചികിത്സ നിഷേധിക്കപ്പെടുമെന്ന അസോസിയേഷൻ ഒഫ് ഹെൽത്ത് പ്രൊവൈഡേഴ്സിന്റെ വാദം അംഗീകരിച്ചാണ് ഡൽഹി ഹൈക്കോടതി സർക്കാരിന്റെ സർക്കുലർ സ്റ്റേ ചെയ്തത്. എന്നാൽ 30 ശതമാനം അധിക കിടക്കകൾ സജ്ജീകരിക്കാൻ സ്വകാര്യ ആശുപത്രികൾക്ക് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നെന്നും അതിനാൽ ഹൈക്കോടതി സ്റ്റേ പിൻവലിക്കണമെന്നുമാണ് ഡൽഹി സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നത്.