മുഖ്യമന്ത്രിയായി തുടരുകയെന്നത് നിതീഷിന്റെ ഗതികേട്
ന്യൂഡൽഹി: ബീഹാറിൽ എൻ.ഡി.എയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി.ജെ.പി മാറിയതോടെ അവരുടെ ഔദാര്യം കൊണ്ട് മുഖ്യമന്ത്രി പദത്തിൽ തുടരുക എന്ന ഗതികേടിലെത്തിയിരിക്കയാണ് ജെ.ഡി.യു നേതാവ് നിതീഷ് കുമാർ. തങ്ങൾക്ക് കൂടുതൽ സീറ്റ് കിട്ടിയാലും മുഖ്യമന്ത്രി നിതീഷ് തന്നെ ആയിരിക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചത് മഹാമനസ്‌കതയ്‌ക്കപ്പുറം ഒരു ഔദാര്യം കൂടിയാണ്. കാരണം ഇത്തവണ ബി.ജെ.പി മുന്നോട്ടു പോയപ്പോൾ ജെ.ഡി.യു പിന്നോട്ടാണ് പോയത്. ഇന്നലെ വൈകിട്ട് വരെ ബി.ജെ.പി കഴിഞ്ഞ വർഷത്തേക്കാൾ 23 സീറ്റ് കൂടുതൽ നേടിയപ്പോൾ ദളിന് 29 സീറ്റാണ് നഷ്ടപ്പെട്ടത്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു ജെ.ഡി.യു. കഴിഞ്ഞതവണ 70 സീറ്റുണ്ടായിരുന്ന പാർട്ടി 42ലേക്ക് ചുരുങ്ങിയപ്പോൾ 53 സീറ്റിൽ നിന്ന് ബി.ജെ.പി എഴുപതിന് മുകളിൽ സീറ്റുകൾ നേടി. 2015ലെ 71ൽ നിന്ന് ജെ.ഡി.യു 50ന് താഴെയായി. അതുകൊണ്ടുതന്നെ ബി.ജെ.പിക്ക് വേണമെങ്കിൽ മുഖ്യമന്ത്രി പദം അവകാശപ്പെടാം.
ബീഹാറിലെ എൻ.ഡി.എ രാഷ്ട്രീയത്തെ കാലങ്ങളായി അടക്കിവാണ നിതീഷിനെ ഈ അവസ്ഥയിലെത്തിച്ചതിൽ പ്രധാന പങ്ക് എൽ.ജെ.പി അദ്ധ്യക്ഷൻ ചിരാഗ് പാസ്വാനാണ്. നിതീഷിനെ മുഖ്യമന്ത്രിക്കസേരയിൽ നിന്ന് പുറത്താക്കുക എന്ന അച്ഛൻ രാംവിലാസ് പാസ്വാന്റെ ആഗ്രഹം സഫലമായില്ലെങ്കിലും ജെ.ഡി.യുവിന്റെ സീറ്റുകൾ കാര്യമായി ഇല്ലാതാക്കാൻ ചിരാഗിന് സാധിച്ചു.
ജെ.ഡി.യു മത്സരിച്ച എല്ലാ സീറ്റിലും എൽ.ജെ.പി സ്ഥാനാർത്ഥികളെ നിറുത്തിയിരുന്നു. മിക്കയിടത്തും ജെ.ഡി.യു സ്ഥാനാർത്ഥികളുടെ ജാതിയിലുള്ള സ്ഥാനാർത്ഥികൾ. നിതീഷിനെതിരെ വ്യാപക പ്രചാരണവും നടത്തി. ഇവിടങ്ങളിൽ എൽ.ജെ.പി വിജയിച്ചില്ലെങ്കിലും ബി.ജെ.പി അനുകൂല വോട്ടുകളടക്കം പിടിച്ചെടുത്ത് ജെ.ഡി.യുവിന്റെ പരാജയം ഉറപ്പാക്കി.
ഇടതുപക്ഷം നേട്ടമുണ്ടാക്കിയ പല മണ്ഡലങ്ങളിലും ജെ.ഡി.യുവിന്റെ സ്ഥാനാർത്ഥികളായിരുന്നു. ഇവിടെയെല്ലാം ഭരണാനുകൂല വോട്ടുകൾ എൽ.ജെ.പി കൊണ്ടുപോയി.
2005ലാണ് രാംവിലാസ് പാസ്വാൻ നിതീഷിനെതിരെ തിരിയുന്നത്. 2010ലെ തിരഞ്ഞെടുപ്പിൽ എൽ.ജെ.പി, ആർ.ജെ.ഡി സഖ്യത്തിൽ മത്സരിച്ചു. 2015ൽ ജെ.ഡി.യു മഹാസഖ്യത്തോടൊപ്പം പോയപ്പോൾ എൽ.ജെ.പി ബി.ജെ.പി സഖ്യത്തിൽ മത്സരിച്ചു. രണ്ടു തവണയും ജെ.ഡി.യുവിനോ നിതീഷിനോ കോട്ടമുണ്ടാക്കാൻ പാസ്വാന് കഴിഞ്ഞിരുന്നില്ല. ഇത്തവണ എൽ.ജെ.പി ഒറ്റയ്‌ക്കാണ് മത്സരിച്ചത്.
തിരഞ്ഞെടുപ്പിന് ശേഷം നിതീഷ് കുമാർ വീണ്ടു ബി.ജെ.പി സഖ്യം വിടുമെന്നൊക്കെ ചിരാഗ് പാസ്വാൻ പ്രചാരണം നടത്തിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയായിരുന്നു. പണ്ട് ആർ.ജെ.ഡിയുടെ ലാലുപ്രസാദ് യാദവിനെ വെട്ടി ബി.ജെ.പിക്കൊപ്പം അധികാരത്തിലേറിയ നിതീഷ് കുമാർ പിന്നെ എൻ.ഡി.എ വിട്ടതും ചിരാഗ് പ്രചാരണത്തിൽ വ്യാപകമായി ഉന്നയിച്ചിരുന്നു.
നിതീഷ്‌കുമാറിനെയും ജെ.ഡി.യുവിനെ ഒന്നിരുത്തണമെന്ന ബി.ജെ.പിയുടെ രഹസ്യ ആഗ്രഹം കൂടി ചിരാഗിലൂടെ നടപ്പായി. ബി.ജെ.പി തന്നെയാണ് ചിരാഗ് പാസ്വാനെക്കൊണ്ട് ഈ കടുംകൈ ചെയ്യിപ്പിച്ചതെന്നും റിപ്പോർട്ടുണ്ട്.
ബോർഡുകളിൽ പോലും ബി.ജെ.പി നിതീഷിനെ ഒതുക്കിയിരുന്നു. നരേന്ദ്രമോദി മാത്രമുള്ള വലിയ ബാനറുകളാണ് കൂടുതലായും ഉയർത്തിയത്.