ന്യൂഡൽഹി: ആത്മഹത്യാ പ്രേരണാകുറ്റത്തിന് അറസ്റ്റിലായ റിപ്പബ്ലിക് ടി.വി എഡിറ്റർ അർണബ് ഗോസ്വാമി ജാമ്യം തേടി സുപ്രീം കോടതിയിൽ. ഇടക്കാല ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരെയാണ് അർണബ് സുപ്രീം കോടതിയെ സമീപിച്ചത്. മഹാരാഷ്ട്രാ സർക്കാർ, മുംബയ് പൊലീസ്, കേന്ദ്ര സർക്കാർ എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി.
ജാമ്യത്തിനായി അർണബിന് കീഴ്‌ക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി ഇടപെടേണ്ട സാഹചര്യം ഇല്ലെന്നുമാണ് ജസ്റ്റിസുമാരായ എസ്.എസ്. ഷിൻഡെ, എം.എസ്. കാർനിക് എന്നിവർ അടങ്ങിയ ബോംബെ ഹൈക്കോടതി ബെഞ്ചിന്റെ വിധി.
അലിബാഗിലെ ഇന്റീരിയർ ഡിസൈനർ അൻവെയ് നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട 2018ലെ കേസിന്റെ പേരിലാണ് അർണബിനെ കഴിഞ്ഞ ബുധനാഴ്ച മുംബയിലെ വസതിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് തന്നെയും വീട്ടുകാരെയും കൈയേറ്റം ചെയ്‌തെന്നും ബലമായി കസ്റ്റഡിയിൽ എടുത്തെന്നും അർണബ് പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വീട്ടിലെത്തിയ വനിതാ പൊലീസ് ഓഫീസറോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് അർണബിനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ഐ.പി.സി 34, 353, 504, 506 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഇടക്കാല ജാമ്യത്തിനായുള്ള ഹർജിയിൽ വിധി പറയുന്നതിന് തൊട്ടു മുമ്പ് അർണബ് അലിബാഗ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു. കസ്റ്റഡിയിൽ ഫോൺ ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം അർണബിനെ തലോജ ജയിലിലേക്ക് മാറ്റിയിരുന്നു.