nitheesh

ന്യൂഡൽഹി: ബീഹാറിൽ നരേന്ദ്രമോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ രണ്ടു ലക്ഷ്യങ്ങൾ ഫലം കണ്ടു. വടക്കേഇന്ത്യയിൽ മദ്ധ്യപ്രദേശും ഉത്തർപ്രദേശും കീഴടങ്ങിയിട്ടും വഴങ്ങാതിരുന്ന ബീഹാറിനെ കീഴ്പ്പെടുത്താനും സംഖ്യകക്ഷിയായ ജെ.ഡി.യുവിനെയും അതിന്റെ നേതാവായ നിതീഷ് കുമാറിനെയും ഒതുക്കാനുമായിരുന്നു അത്. എങ്കിലും നേതൃദാരിദ്ര്യം കാരണം നിതീഷിനെ മുന്നിൽ നിറുത്തി മുന്നോട്ടുപോകാനാവും ബി.ജെ.പി ശ്രമിക്കുക.

243 അംഗ നിയമസഭയിൽ ചരിത്രത്തിൽ ആദ്യമായാണ് ബി.ജെ.പി എൻ.ഡി.എയിൽ ഒന്നാമതായത്. ജെ.ഡി.യു മഹാമുന്നണിയിൽ മത്സരിച്ച 2015ൽ 53 സീറ്റും 2010ൽ ഒന്നിച്ചപ്പോൾ 91 സീറ്റുമായിരുന്നു സമ്പാദ്യം. എന്നാൽ നിതീഷ് കുമാറിന്റെ പാർട്ടി 2010ൽ 115ഉം 2015ൽ 71 സീറ്റിലും ജയിച്ചതിനാൽ ബി.ജെ.പി രണ്ടാം പാർട്ടിയായി ഒതുങ്ങി. 2020ൽ രണ്ടു പാർട്ടികളും വീണ്ടും എൻ.ഡി.എ ബാനറിൽ ഒന്നിച്ചപ്പോൾ ജെ.ഡി.യുവിന്റെ അംഗബലം താഴേക്ക് പോവുകയാണെന്ന് ഫലങ്ങൾ സൂചിപ്പിക്കുന്നു. ഇന്നലെ രാത്രി വരെ 24 സീറ്റുകൾ അവർക്ക് നഷ്‌ടമായി.

2013ൽ നരേന്ദ്രമോദിയെ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് എൻ.ഡി.എ വിട്ടയാളാണ് നിതീഷ്. അതെല്ലാം മറന്ന് അദ്ദേഹത്തെ എൻ.ഡി.എ പാളയത്തിൽ തിരിച്ചുകൊണ്ടുവരാൻ ബി.ജെ.പി മുൻകൈയെടുത്തത് ബീഹാർ പിടിച്ചെടുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തോടെ ആ ലക്ഷ്യത്തിലേക്ക് പാർട്ടി അടുക്കുന്നു. പക്ഷേ സീറ്റു നേടി മുന്നിലെത്തിയാലും ബീഹാറിൽ കാര്യങ്ങൾ വരുതിയിലാകാൻ നിലവിൽ നിതീഷ് കുമാറിനെ കൂടെകൂട്ടാതെ വയ്യ. അതിനാൽ എൻ.ഡി.എയ്‌ക്ക് കേവല ഭൂരിപക്ഷം ഉറപ്പായാലും വാക്കുപാലിച്ച് നിതീഷിനെ മുഖ്യമന്ത്രിയായി നിലനിറുത്തിയേക്കും. ശക്തനായ നേതാവിന്റെ അഭാവമുണ്ട് ബി.ജെ.പിയിൽ. സുശീൽ കുമാർ മോദിയും മറ്റും നിതീഷിനൊപ്പമാകില്ല.

നിതീഷിനെ ഒതുക്കാൻ എൽ.ജെ.പിയെ ആയുധമാക്കിയെന്ന ആരോപണം തത്‌ക്കാലം ശരിയല്ലെന്ന് തെളിയിക്കേണ്ട ബാദ്ധ്യതയുമുണ്ട് ബി.ജെ.പിക്ക്. 30 സീറ്റുകളിലെങ്കിലും ഐക്യദളിന്റെ പരാജയത്തിന് എൽ.ജെ.പി കാരണമായിട്ടുണ്ട്.

അധികാരത്തിൽ തുടരാൻ ഏത് മുന്നണിയിലേക്കും ചാടുന്ന ചരിത്രമുള്ള നിതീഷ് കുമാർ ചതി മുന്നിൽക്കണ്ട് എൻ.ഡി.എ വിട്ടെന്നും വരാം. ആശയപരമായി വ്യത്യാസങ്ങളില്ലാത്തതിനാൽ ആർ.ജെ.ഡിയുമായി വീണ്ടും കൂട്ടുകൂടാനും ബുദ്ധിമുട്ടില്ല. വൻ മുന്നേറ്റം നടത്തുന്ന ആർ.ജെ.ഡിയുടെ നേതാവ് തേജസ്വി യാദവിൽ നിന്ന് മുഖ്യമന്ത്രി പദം കിട്ടില്ലെങ്കിലും ഭാവി മുന്നിൽ കണ്ട് നിതീഷ് വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറായെന്നും വരാം.

ദേശീയ രാഷ്‌ട്രീയത്തിൽ നരേന്ദ്രമോദിക്ക് ഭീഷണിയാകാനിടയുള്ള നിതീഷിനെ എതിർപാളയത്തിലെത്തിക്കാൻ ബി.ജെ.പി ആഗ്രഹിക്കുന്നില്ല. അതിനാൽ കൂടെ നിറുത്തി ബീഹാർ മുഴുവനായി കൈപ്പിടിയിലൊതുക്കാനുള്ള ശ്രമങ്ങളാകും അമിത്ഷാ നടപ്പാക്കുക. അതിനിടെ നിതീഷിനെ കൂടുതൽ ക്ഷയിപ്പിക്കാനും നോക്കും.