'ലെനിൻഗ്രാഡ് 'തിരിച്ചുപിടിച്ച് ഇടതുപക്ഷം
ന്യൂഡൽഹി: ബീഹാറിൽ ഇടതുപക്ഷത്തിന്റെ തിരിച്ചുവരവായി തിരഞ്ഞെടുപ്പ് ഫലം. മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ച 29 ൽ 17 സീറ്റിലും ഇടതുപാർട്ടികൾ മുന്നേറി. കാൽ നൂറ്റാണ്ടിന് ശേഷമാണ് ഇടതു പാർട്ടികൾക്ക് ബീഹാർ നിയമസഭയിൽ 15 ൽ കൂടുതൽ എം.എൽ.എമാർ ഉണ്ടാവുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ലെനിൻഗ്രാഡ് എന്നറിയപ്പെട്ടിരുന്ന ബെഗുസരായ് ജില്ലയിൽ മത്സരിച്ച നാലിലും ഇടത് മുന്നേറ്റമാണ്. സി.പി.എം.എൽ ആണ് ഏറ്റവും നേട്ടമുണ്ടാക്കിയത്. മത്സരിച്ച 19 ൽ 12 സീറ്റിലും അവർ മുന്നിലാണ്. സി.പി.എം മത്സരിച്ച നാല് സീറ്റിൽ രണ്ടിൽ വിജയിച്ചു. ഒന്നിൽ മുന്നിലാണ്. സി.പി.ഐ ആറിൽ രണ്ടിടത്ത് വിജയിച്ചു. ഒന്നിൽ മുന്നിലാണ്.ആര, അജിയാവ്, അർവാൾ, ബൽറാംപൂർ, ദരൗലി, ദുംറാവ്, ഘോസി, പാലിഗഞ്ച്, ഫുൽവാരി, തരാരി, സിരദെയ്, കരാകട്ട് മണ്ഡലങ്ങളിലാണ് സി.പി.ഐ എം.എൽ ജയിച്ചത്. 2015ൽ മൂന്നു സീറ്റ് എം.എൽ. വിജയിച്ചിരുന്നു.
മാഞ്ചിയിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം ഡോ. സത്യേന്ദ്ര യാദവ് സ്വതന്ത്രൻ റാണാപ്രതാപ് സിംഗിനെ 25,000ത്തിലേറെ വോട്ടിനാണ് തോൽപ്പിച്ചത്. വിഭൂതിപ്പൂരിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം അജയകുമാർ ജെ.ഡി.യുവിലെ രാംബാലക് സിംഗിനെ തോൽപ്പിച്ചു. ത്രികോണ മൽസരമുണ്ടായ ബെഗുസരായിലെ മട്ടിഹാനിയിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗവും ബെഗുസരായ് മുൻ എം.എൽ.എയുമായ രാജേന്ദ്രപ്രസാദ് സിംഗ് മുന്നിലാണ്. പിപ്രയിൽ സംസ്ഥാന കമ്മിറ്റിയംഗം രാജ്മംഗൽ പ്രസാദ് ബി.ജെ.പിയുടെ ശ്യാംബാബു പ്രസാദിനോട് തോറ്റു.
കനയ്യ കുമാറിന്റെ നാടായ തേഗ്രയിൽ രാംരത്തൻ, ബച്‌വാരയിൽ അവധേഷ് കുമാർ എന്നീ സി.പി.ഐ സ്ഥാനാർത്ഥികൾ വിജയിച്ചു. ബക്ക്റിയിൽ സി.പി.ഐയുടെ സൂര്യകാന്ത് പാസ്വാൻ നേരിയ വോട്ടിന് മുന്നിലാണ്. ഹർലഖിയിൽ മുൻ എം.എൽ.എ രാംനരേഷ് പാണ്ഡെ, ജാൻജഹാർപുരിൽ സിരാം നരായൺ യാദവ് ,രുപൗളിയിൽ വികാശ് ചന്ദ്രമണ്ഡൽ എന്നിവരാണ് സി.പി.ഐയുടെ തോറ്റ സ്ഥാനാർത്ഥികൾ. മഹാസഖ്യത്തിന്റെ ഭാഗമായിരുന്ന കോൺഗ്രസിന് മൽസരിച്ച 70 ൽ 20 ഇടത്ത് മാത്രം ഒതുങ്ങിയപ്പോഴാണ് ഇടതുപക്ഷത്തിൻറെ കുതിപ്പ്. ഒരുകാലത്ത് ബീഹാറിൽ ശക്തമായിരുന്ന ഇടതുപക്ഷത്തിന് വീണ്ടും ജീവൻ പകരുന്നതാണ് തിരഞ്ഞെടുപ്പ് ഫലം.