bihar-election

ന്യൂഡൽഹി: ചാഞ്ചാടിയാടി...... ബീഹാർ വോട്ടെണ്ണലിന്റെ തുടക്കം മുതൽ അതായിരുന്നു സ്ഥിതി. എൻ.ഡി.എ ആണോ മഹാസഖ്യം ആണോ? ഇനി തൂക്ക് മന്ത്രിസഭയാണോ? ഒന്നും ഉറപ്പില്ലാത്ത അവസ്ഥ. കൊവിഡ് നിയന്ത്രണങ്ങൾ കാരണം വോട്ടെണ്ണൽ ഇഴഞ്ഞതാണ് അനിശ്ചിതത്വം സൃഷ്ടിച്ചത്. ഉച്ചയ്ക്ക് 12 .30 വരെ 80 ലക്ഷത്തോളം വോട്ടുകളാണ് എണ്ണിയത്. പിന്നെയും കിടക്കുന്നു മൂന്നുകോടിയിലേറെ വോട്ടുകൾ. മഹാസഖ്യം അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോളുകൾ ശരിവയ്ക്കും പോലെയായിരുന്നു തുടക്കം. രാവിലെ എട്ടിന് തപാൽ വോട്ട് എണ്ണിത്തുടങ്ങിയപ്പോൾ തന്നെ മഹാസഖ്യം മുന്നിലെത്തി. കേവല ഭൂരിപക്ഷമായ 122ന് മുകളിലെത്തി. ഇലക്ട്രോണിക് വോട്ടുകൾ എണ്ണൽ പുരോഗമിക്കുന്നതിനിടെ പ്രവചനങ്ങൾ തെറ്റിച്ച് എൻ.ഡി.എക്ക് മേൽക്കൈ. 130ന് മുകളിൽ പോയ എൻ.ഡി.എ പിന്നീട് 115 -125 എന്ന നിലയിലേക്ക് മാറിമാറിവന്നു. പിന്നീട് എല്ലാഘട്ടത്തിലും എൻ.ഡി.എക്ക് തന്നെയായിരുന്നു മേൽക്കൈ. മഹാസഖ്യം നൂറിനടത്തു വരെ പോയി. ഇടയ്ക്ക് വീണ്ടും മഹാസഖ്യം 120ലേക്കടുത്തു. പല മണ്ഡലങ്ങളിലും ആയിരത്തിന് താഴെ മാത്രമായിരുന്നു ഭൂരിപക്ഷം. ചില മണ്ഡലങ്ങളിൽ 50 വോട്ട് എന്നനിലയിലും. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്.

വോട്ടെണ്ണൽ അർദ്ധരാത്രി പിന്നിട്ടും തുടരുകയാണ് 4.11കോടിയോളം വോട്ടാണ് പോൾ ചെയ്തത്. മുൻപ് 25 -26 റൗണ്ടുകളാണ് വോട്ടെണ്ണിലിന് വേണ്ടിവരാറ്. ഇക്കുറി 35 റൗണ്ട് വേണ്ടിവന്നു. 243 സീറ്റിലെ വോട്ടെണ്ണലിനായി 55 കേന്ദ്രങ്ങളാണ് തയാറാക്കിയത്. നേരത്തെയിത് 38 ആയിരുന്നു.