ന്യൂഡൽഹി: കേന്ദ്രത്തിൽ രണ്ടാമതും വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ശേഷം മഹാമാരിയുടെ ഒരുവർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി ഇടിഞ്ഞില്ലെന്ന് തെളിയിക്കുന്നതാണ് ബീഹാർ തിരഞ്ഞെടുപ്പ് ഫലം.
ലോക്ക്ഡൗണും സാമ്പത്തിക തളർച്ചയും തൊഴിലില്ലായ്മയും മോദിക്കെതിരായ വോട്ടായില്ല. രാമക്ഷേത്രവും അതിർത്തിയിൽ ചൈനയെ പ്രതിരോധിച്ചതും വോട്ടാക്കാനും കഴിഞ്ഞു. മഹാരാഷ്‌ട്രയിൽ ജൂനിയർ കക്ഷിയായിരുന്ന ബി.ജെ.പി, ശിവസേനയെ മറികടന്നതുപോലെ ബീഹാറിൽ ജെ.ഡി.യുവിനെ രണ്ടാമതാക്കി നേട്ടമുണ്ടാക്കിയ തിരഞ്ഞെടുപ്പാണിത്.
ബീഹാറിൽ 12 റാലികളിലാണ് മോദി പങ്കെടുത്തത്. സസാരം, ഗയ, ഭാഗൽപൂർ, ദർബംഗ, മുസാഫർപൂർ, പാട്ന, ചപ്ര, ഈസ്‌റ്റ് ചമ്പാരൻ, വെസ്റ്റ് ചമ്പാരൻ, സഹാർസ, ഫോബെസ്ഗഞ്ച്, അരേരിയ മേഖലകളിൽ ബി.ജെ.പി മേൽക്കൈ നേടി. ആർ.ജെ.ഡി കാലത്തെ അഴിമതി, ചൈന, രാമക്ഷേത്രം എന്നിവ ഉയർത്തിക്കാട്ടിയായിരുന്നു ഇവിട ങ്ങളിലെ പ്രസംഗങ്ങൾ. പ്രകടന പത്രികയിലെ സൗജന്യ കൊവിഡ് വാക്‌സിൻ പ്രഖ്യാപനവും വോട്ടമാരിൽ ചലനമുണ്ടാക്കി. വികസനം എത്താതിരുന്ന യു.പി.എ കാലത്തെ അപേക്ഷിച്ച് നിതീഷ് കുമാർ സർക്കാരിന് കേന്ദ്രത്തിൽ നിന്ന് എല്ലാ സഹായവും നൽകിയെന്നും അദ്ദേഹം റാലികളിൽ ആവർത്തിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളെ സൂചിപ്പിച്ച ഇരട്ട എൻജിൻ പ്രയോഗവും ഹിറ്റായി.
ഒറ്റയ്‌ക്ക് നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സീറ്റ് വിഭജന ചർച്ച മുതൽ ബി.ജെ.പി നീങ്ങിയത്. ജെ.ഡി.യുമായി 50:50 അനുപാതത്തിൽ സീറ്റ് വിഭജിച്ചതും അതിനായിരുന്നു. എൽ.ജെ.പിയെ പുറത്തു ചാടിച്ച് ജെ.ഡി.യുവിനും നിതീഷ് കുമാറിനും തലവേദനയുണ്ടാക്കി. അധികാരത്തിലേറിയാൽ എൻ.ഡി.എ നേട്ടമായും തിരിച്ചടിച്ചാൽ നിതീഷ് കുമാർ ഭരണത്തിന്റെ വിലയിരുത്തലാക്കാനും കഴിയുംവിധമായിരുന്നു ബി.ജെ.പി പ്രചാരണം.
മഹാരാഷ്‌ട്രയിൽ ശിവസേനയെ മറികടന്ന് മുഖ്യകക്ഷിയായ തന്ത്രം ബി.ജെ.പി കേന്ദ്രനേതൃത്വം ബീഹാറിലും നടപ്പാക്കുകയാണ്. മഹാരാഷ്‌ട്രയിൽ ബി.ജെ.പി കാര്യങ്ങൾ തീരുമാനിക്കുന്ന ഘട്ടത്തിലാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുൻപ് ശിവസേന പിരിഞ്ഞത്. പഞ്ചാബിൽ അകാലിദളുമായുള്ള സംഖ്യവും സമാനമായിരുന്നു. മയക്കുമരുന്ന് മാഫിയ വിളയാടിയ സംസ്ഥാനത്ത് സർക്കാരിലെ കൂട്ടുത്തരവാദിത്വം ഏറ്റെടുക്കാതെ അകാലിദളിന് മേൽ വച്ചുകെട്ടുന്നതിൽ ബി.ജെ.പി വിജയിച്ചു. ഒടുവിൽ കാർഷിക ബില്ലുകളുടെ പേരിൽ അകാലിദളും എൻ.ഡി.എ വിട്ടു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ജാർഖണ്ഡ്, ഡൽഹി, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിൽ കയ്പുനീരു കുടിച്ച ശേഷം ഹിന്ദി ബെൽറ്റിലെ ബീഹാറിൽ 20ളേറെ സീറ്റുകൾ അധികം നേടുന്നത് അടുത്ത വർഷം നടക്കുന്ന പശ്‌ചിമ ബംഗാൾ, കേരളം, തമിഴ്നാട്, ആസാം തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് പ്രചോദനമാകും.