ഒവൈസിക്കെതിരെ കോൺഗ്രസ്
ന്യൂഡൽഹി: കടുത്ത ഭരണവിരുദ്ധ വികാരമുയർന്ന ബീഹാറിൽ മഹാസഖ്യത്തിന്റെ ജയസാദ്ധ്യതകൾക്ക് വിലങ്ങുതടിയായത് ചെറുകക്ഷികൾ. ആർ.എൽ.എസ്.പി നേതാവ് ഉപേന്ദ്ര കുശ്‌വാഹയുടെ നേതൃത്വത്തിൽ അസുദുദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എം, മായാവതിയുടെ ബി.എസ്.പി തുടങ്ങിയ പാർട്ടികൾ ഉൾപ്പെട്ടെ മഹാ ജനാധിപത്യ മതേതര മുന്നണിയും ജൻ അധികാർ പാർട്ടി നേതാവ് പപ്പുയാദവിന്റെ നേതൃത്വത്തിൽ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടി, എസ്.ഡി.പി.ഐ തുടങ്ങിയവരുൾപ്പെട്ട പുരോഗമന ജനാധിപത്യ സഖ്യം എന്നിവയാണ് പ്രധാന വെല്ലുവിളിയുയർത്തിയത്. ചെറുകക്ഷികൾ കൂടി 20 ശതമാനത്തിലേറെ വോട്ടുപിടിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ.
ആർ.ജെ.ഡിയും കോൺഗ്രസും പരമ്പരാഗതമായി ആധിപത്യം പുലർത്തുന്ന ന്യൂനപക്ഷ വിഭാഗങ്ങളേറെയുള്ള സീമാഞ്ചൽ മേഖലയിൽ അസുദ്ദീൻ ഒവെയ്സിയുടെ നേതൃത്വത്തിലുള്ള എ.ഐ.എം.ഐ.എം കരുത്തകാട്ടിയതാണ് വലിയ തിരിച്ചടിയായത്. സീമാഞ്ചൽ മേഖലയിലെ അമൗർ, കൊച്ചദമൻ, ബഹാദൂർഗഞ്ച് സീറ്റുകളിൽ ഒവൈസിയുടെ പാർട്ടി മുന്നേറിയപ്പോൾ കൂടുതൽ നേട്ടമായത് ബി.ജെ.പിക്കാണ്.
പൂർണിയ, കട്ടിഹാർ, അരാരിയ, കിഷൻഗഞ്ച് എന്നീ നാല് ജില്ലകൾ ഉൾപ്പെടുന്ന സീമാഞ്ചലിൽ ആകെ 24 സീറ്റാണുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 18 സീറ്റിൽ മഹാസഖ്യമാണ് ജയിച്ചത്. ഒവൈസിയുടെ പാർട്ടി ഒരു സീറ്റിൽ മാത്രമാണ് ജയിച്ചത്. ഇക്കുറി സീമാഞ്ചലിലെ അഞ്ച് സീറ്റിൽ മാത്രമാണ് മഹാസഖ്യത്തിന് മുന്നിലെത്താനായത്. കോൺഗ്രസിന് പരമ്പരാഗതമായി വോട്ടുചെയ്തിരുന്ന ന്യൂപക്ഷങ്ങൾ ഇക്കുറി ഒവെയ്സിയ്ക്കൊപ്പം നിന്നതായാണ് വിലയിരുത്തൽ. ഒവൈസി ഉൾപ്പെട്ട മുന്നണി മാത്രം അഞ്ച് ശതമാനത്തിലേറെ വോട്ടുപിടിച്ചു. സീമാഞ്ചൽ മേഖലയിലും മറ്റും
ഒവൈസി കോൺഗ്രസിന്റെ വോട്ടുഭിന്നിപ്പിച്ചുവെന്നും കോൺഗ്രസിനെതിരെ ആയുധമായി ബി.ജെ.പി ഒവൈസിയെ ഉപയോഗിക്കുകയാണെന്നും കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ആരോപിച്ചു. ബി.ജെ.പിയുടെ ബി ടീമാണ് ഒവൈസിയെന്ന് നേരത്തെ ആർ.ജെ.ഡി നേതാക്കളും ആരോപിച്ചിരുന്നു.