mp-election-victory

ന്യൂഡൽഹി: ഉപതിരഞ്ഞെടുപ്പിന്റെ രൂപത്തിൽ വന്ന വിശ്വാസവോട്ടെടുപ്പിൽ ജയിച്ച് ഏഴുമാസം പ്രായമായ സർക്കാരിനുള്ള ഭീഷണി ഒഴിവായതിൽ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന് ആശ്വസിക്കാം. കോൺഗ്രസ് സർക്കാരിനെ താഴെവീഴ്‌ത്തി ബി.ജെ.പിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും ഇത് അഭിമാന നേട്ടം. അതേസമയം പ്രതിപക്ഷത്ത് കമൽനാഥിന് നില പരുങ്ങലിലുമായി.

ഒരു മിനി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രതീതിയുണർത്തി 28 നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ചൗഹാൻ മന്ത്രിസഭയുടെ വിധി നിർണയിക്കുമെന്നതിനെക്കാൾ സിന്ധ്യയും കമൽനാഥുമായുള്ള പോരാട്ടമായാണ് ചിത്രീകരിക്കപ്പെട്ടത്. 25 എം.എൽ.എമാരെ രാജിവയ്പിച്ച് 2018 നവംബറിൽ 114 സീറ്റുകളുമായി അധികാരത്തിലെത്തിയ കമൽനാഥ് സർക്കാരിനെ വീഴ്ത്തിയ സിന്ധ്യയുടെ നീക്കങ്ങളാണ് ഉപതിരഞ്ഞെടുപ്പ് അനിവാര്യമാക്കിയത്.

ബി.ജെ.പി രാജ്യസഭാംഗമാക്കിയ സിന്ധ്യയ്‌ക്ക് കേന്ദ്രമന്ത്രി പദം ലഭിക്കാനിടയുണ്ട്. അതിനാൽ തന്റെ ശക്തികേന്ദ്രങ്ങളായ ഗ്വാളിയോർ-ചമ്പൽ മേഖലയിൽ അടക്കം നടക്കുന്ന തിരഞ്ഞെടുപ്പിൽ വലിയ വിജയം നേടേണ്ടത് അനിവാര്യമായിരുന്നു. 2018ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ സ്വാധീനമായിരുന്നു കോൺഗ്രസിന്റെ ശക്തി. തിരഞ്ഞെടുപ്പ് നടന്ന 28ൽ 27ഉം കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളായിരുന്നു. അതിനാൽ മുൻ കോൺഗ്രസ് സർക്കാരിലെ ആറ് മന്ത്രിമാർ അടക്കം 25 കോൺഗ്രസ് എം.എൽ.എമാരെയും ബി.ജെ.പി മത്സരിപ്പിച്ചു.

ബി.ജെ.പി സർക്കാരിനുള്ള ഭീഷണി അകന്നതോടെ പ്രതിപക്ഷത്ത് കോൺഗ്രസിന്റെയും കമൽനാഥിന്റെയും നില ദയനീയമാണ്. ദിഗ്‌വിജയ് സിംഗ് അടക്കമുള്ളവർ കമൽനാഥിനെതിരെ പരസ്യമായി രംഗത്തിറങ്ങുന്ന കാഴ്‌ച വിദൂരമല്ല.