ന്യൂഡൽഹി: ഇഞ്ചോടിഞ്ച് ആവേശപോരാട്ടത്തിൽ ബീഹാറിൽ എൻ.ഡി.എ അധികാരം നിലനിർത്തി. 243ൽ 125 സീറ്റ് നേടിയാണ് നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ നാലാംതവണയും എൻ.ഡി.എ അധികാരത്തിലെത്തുന്നത്. ജെ.ഡി.യുവിന് കനത്ത തിരിച്ചടി നേരിട്ടെങ്കിലും ബി. ജെ. പി നേരത്തേ പ്രഖ്യാപിച്ച പോലെ നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകും.
75 സീറ്റുമായി തേജസ്വി യാദവിന്റെ ആർ.ജെ.ഡി ഏറ്റവും വലിയ കക്ഷിയായി. 74 സീറ്റ് നേടി ബി.ജെ.പി രണ്ടാമതെത്തി. 43 സീറ്റുമായി ജെ.ഡി.യു മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. മഹാസഖ്യത്തിൽ 70സീറ്റിൽ മത്സരിച്ച കോൺഗ്രസ് 19ൽ ഒതുങ്ങി. 29സീറ്റിൽ മത്സരിച്ച ഇടതുപക്ഷം 16 സീറ്റ് നേടി വൻ മുന്നേറ്റം നടത്തി.
ഒറ്റയ്‌ക്ക് മത്സരിച്ച ചിരാഗ് പാസ്വാന്റെ എൽ.ജെ.പി ജെ.ഡി.യുവിന്റെ തകർച്ചയ്‌ക്ക് നിർണായക കാരണമായെങ്കിലും ഒരു സീറ്റിൽ ഒതുങ്ങി. പക്ഷേ ആറു ശതമാനത്തോളം വോട്ടുപിടിച്ചു. പല മണ്ഡലങ്ങളിലും പതിനായിരത്തിലേറെ വോട്ടു നേടിയ എൽ.ജെ.പി എൻ.ഡി.എയ്‌ക്ക് 30 സീറ്റോളം നഷ്ടമാക്കി. വോട്ടുഭിന്നിച്ചില്ലായിരുന്നെങ്കിൽ 150 സീറ്റുവരെ നേടമായിരുന്നുവെന്നാണ് ബി.ജെ.പി വിലയിരുത്തൽ.
പരമ്പരാഗതമായി ആർ.ജെ.ഡിക്കും കോൺഗ്രസിനും സ്വാധീനമുള്ള സീമാഞ്ചൽ മേഖലയിൽ ഒവൈസിയുടെ എ.ഐ.എം.ഐ.എം മുന്നേറിയതും മഹാസഖ്യത്തിന് തിരിച്ചടിയായി. മൂന്നാം മുന്നണിയായി മത്സരിച്ച ഒവൈസിയുടെ പാർട്ടി 5 സീറ്റും ബി.എസ്.പി ഒരു സീറ്റും നേടി. മുന്നണിക്ക് നേതൃത്വം നൽകിയ ഉപേന്ദ്ര കുശ്‌വാഹയുടെ ആർ.എൽ.എസ്.പിക്ക് നേട്ടമുണ്ടാക്കാനായില്ല. പപ്പുയാദവിന്റെ നാലാം മുന്നണിയും ചലനമുണ്ടാക്കിയില്ല.
ചൊവ്വാഴ്ച രാവിലെ എട്ടിന് തുടങ്ങിയ വോട്ടെണ്ണൽ ഇന്നലെ പുലർച്ചെയാണ് പൂർത്തിയായത്.
ഉപതിരഞ്ഞെടുപ്പ് നടന്ന വാത്മീകി നഗർ ലോക്‌സഭാ സീറ്റ് ജെ.ഡി.യു നിലനിറുത്തി.
എൻ.ഡി.എ - 125
............................................
ബി.ജെ.പി - 74
ജെ.ഡി.യു - 43
എച്ച്.എ.എം - 4
വി.ഐ..പി - 4
മഹാസഖ്യം -110
........................
ആർ.ജെ.ഡി - 75
കോൺഗ്രസ് - 19
സി.പി.ഐ.എം.എൽ - 12
സി.പി.എം - 2
സി.പി.ഐ - 2
മറ്റുള്ളവർ - 8
എ.ഐ.എം.ഐ.എം - 5
എൽ.ജെ.പി - 1
ബി.എസ്.പി - 1
സ്വതന്ത്രൻ - 1
ആകെ- 243 - കേവലഭൂരിപക്ഷം - 122
....................................