ന്യൂഡൽഹി: കേരളത്തിൽ അടുത്തമാസം നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ഓൺലൈനിൽ അപേക്ഷ സ്വീകരിച്ച് കണ്ടെത്താൻ ആംആദ്‌മി പാർട്ടി തീരുമാനിച്ചു. മുൻ തമിഴ്നാട് ചീഫ് സെക്രട്ടറിയും മലയാളിയുമായ പി.സി. സിറിയക് അദ്ധ്യക്ഷനായി ആറംഗ തിരഞ്ഞെടുപ്പ് ഏകോപന കമ്മിറ്റി രൂപീകരിച്ചതായി കേരളത്തിന്റെ ചുമതലയുള്ള ഡൽഹി എം.എൽ.എയും മന്ത്രിയുമായ സോംനാഥ് ഭാരതി അറിയിച്ചു.
പാർട്ടിയുടെ കേരള ഫേസ്ബുക്ക് പേജിലും kerala.aamaadmiparty.org എന്ന വെബ്സൈറ്റിലും അപേക്ഷാഫാറം ലഭ്യമാണ്. പൊതുപ്രവർത്തകരും പ്രതിച്ഛായയുമുള്ള അദ്ധ്യാപകർ, സംരംഭകർ, വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർ, കൃഷിക്കാർ, വ്യാപാരികൾ, ഗവേഷകർ, കലാകാരൻമാർ, അഭിഭാഷകർ, ഐ.ടി വിദഗ്ദ്ധർ- പ്രൊഫഷണലുകൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർക്ക് പാർട്ടി ചിഹ്നത്തിൽ മത്സരിക്കാം. നവംബർ 16വരെ അപേക്ഷകൾ സമർപ്പിക്കാം.
പാർട്ടി മുൻ സംസ്ഥാന അദ്ധ്യക്ഷനും മാദ്ധ്യമ പ്രവർത്തകനുമായ പി.ടി. തുഫൈൽ, വിദ്യാഭ്യാസ വിദഗ്‌ദ്ധൻ വിൻസെന്റ്, സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. ബിനോയ് പുള്ളത്തിൽ, ഐ.ടി കൺസൾട്ടന്റ് പദ്‌മനാഭൻ ഭാസ്‌കരൻ, വിവരാവകാശ പ്രവർത്തകൻ വി. ഉമ്മർ എന്നിവരാണ് ഏകോപന സമിതി അംഗങ്ങൾ.