ന്യൂഡൽഹി: ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി മുംബയ് പൊലീസ് അറസ്റ്റ് ചെയ്ത റിപ്പബ്ലിക് ടി.വി എഡിറ്റർ അർണബ് ഗോസാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. അർണബിന്റെ ജാമ്യാപേക്ഷ പരിഗണിച്ചതിൽ ബോംബെ ഹൈക്കോടതിക്ക് വീഴ്ചപ്പറ്റിയെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് അദ്ധ്യക്ഷനായി ജസ്റ്റിസ് ഇന്ദിര ബാനർജി ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചു.
50,000 രൂപയുടെ സ്വന്തം ആൾജാമ്യത്തിലാണ് അർണബിനും കേസിലെ കൂട്ടുപ്രതികളായ ഫിറോസ് മുഹമ്മദ് ഷേഖ്, നിതീഷ് സർദ എന്നിവർക്കും ജാമ്യം അനുവദിച്ചത്. ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് മുംബയ് പൊലീസ് ഉറപ്പ് വരുത്തണമെന്നും കേസ് അന്വേഷണവുമായി അർണബ് പൂർണമായും സഹകരിക്കണമെന്നും കോടതി ഉത്തരവിട്ടു.
രാവിലെ 11ന് ആരംഭിച്ച വാദപ്രതിവാദങ്ങൾ വൈകിട്ട് നാലുവരെ തുടർന്നു.
അർണബിന്റെ വിഷയത്തിൽ ഇന്ന് ഇടപെട്ടില്ലെങ്കിൽ വൻ വിനാശത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു.
'അയാളുടെ ചാനൽ കാണാറില്ല. അയാളുടെ പ്രത്യയശാസ്ത്രങ്ങൾ എന്തുമാകട്ടെ, പക്ഷേ സർക്കാർ വ്യക്തികളെ വേട്ടയാടുകയാണെങ്കിൽ, രാജ്യത്തെ പരമോന്നത കോടതി വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കാനുണ്ടാകും. പൊലീസ് കോടതിയിൽ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിൽ കുറ്റം ആരോപിക്കപ്പെടുന്നുവെന്ന് പറയുന്നു. എന്നാൽ തെളിവ് കണ്ടെത്താനായില്ലെന്നും. വെറും ആരോപണത്തിന്റെ പേരിൽ എങ്ങിനെയാണ് ഒരാളെ അറസ്റ്റ് ചെയ്ത് ജയിലിലിടുക?. ഹൈക്കോടതി 56 പേജ് ദൈർഘ്യമുള്ള വിധി എഴുതി. എന്നാൽ കേസ് നിലനിൽക്കുമോ എന്ന പ്രാഥമിക കാര്യം പോലും വിധിയിലില്ല. പൗരന്മാരുടെ വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള നടപടികൾ ഹൈക്കോടതികളിൽ നിന്നുണ്ടാകണം. സാങ്കേതിക കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം നിഷേധിക്കാനാവില്ല. പണം നൽകാനുണ്ടെന്ന കാരണത്താൽ ഒരു വ്യക്തിക്കെതിരെ എങ്ങനെ ആത്മഹത്യാ പ്രേരണാ കേസ് നിലനിൽക്കുമെന്നും' കോടതി ചോദിച്ചു.
ഇന്റീരിയർ ഡിസൈനർ അൻവയ് നായികും മാതാവ് കുമുദ് നായികും 2018ൽ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് അർണബിനെ മുംബയ് പൊലീസ് അറസ്റ്റ് ചെയ്തത്.
സിദ്ധിഖ് കാപ്പനെക്കുറിച്ചും പരാമർശം
വാദത്തിനിടെ നിലവിൽ മഥുര ജയിലിൽ കഴിയുന്ന മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെക്കുറിച്ചും പരാമർശമുണ്ടായി. സുപ്രീംകോടതിയിൽ കാപ്പൻ ഹർജിയുമായി വന്നപ്പോൾ കീഴ്ക്കോടതിയിൽ പോകാൻ പറയുകയും കേസ് നാലാഴ്ചക്ക് ശേഷം മാറ്റിവയ്ക്കുകയുമാണ് കോടതി ചെയ്തത്. പൗരന്മാരുടെ വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിലെ വീഴ്ചകൾ സുപ്രീംകോടതിയിലും നടക്കുന്നുണ്ടെന്ന് കപിൽ സിബൽ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ഹർജിക്കെതിരെ സുപ്രീംകോടതി ബാർ അസോസിയേഷൻ
അർണബ് ഗോസാമിയുടെ ജാമ്യാപേക്ഷ അടിയന്തരമായി ലിസ്റ്റ് ചെയ്തതിനെതിരെ സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റെ ദുഷ്യന്ത് ദവേ സുപ്രീംകോടതി സെക്രട്ടറി ജനറലിന് കത്തെഴുതി.
അടിയന്തരമായി ഹർജി ലിസ്റ്റ് ചെയ്തത് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നിർദ്ദേശിച്ചത് കൊണ്ടാണോയെന്ന് വ്യക്തമാക്കണം. മഹാമാരിയുടെ ഈ കാലത്ത് ഹർജികൾ പരിഗണിക്കുന്നത് വൈകുന്നതിനാൽ ആയിരക്കണക്കിനാളുകൾ ജയിലിൽ കഴിയുകയാണ്. അതിനിടയ്ക്കാണ് സ്വാധീനമുള്ള ഒരാളുടെ ഹർജി ഒരുദിവസത്തിനുള്ളിൽ തന്നെ ലിസ്റ്റ് ചെയ്യുന്നതെന്ന് ദുഷ്യന്ത് ദവേ ചൂണ്ടിക്കാട്ടി. അർണബിന് ലഭിക്കുന്ന പ്രത്യേക പരിഗണന നിയമവിരുദ്ധവും അനധികൃതവുമാണ്. മുതിർന്ന അഭിഭാഷകൻ കൂടിയായ പി. ചിദംബരത്തിന്റെ ഹർജി പോലും ഇത്ര വേഗം ലിസ്റ്റ് ചെയ്തിട്ടില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടി.