mp-bjp

ന്യൂഡൽഹി: മദ്ധ്യപ്രദേശിൽ ശിവ്‌രാജ് സിംഗ് ചൗഹാൻ സർക്കാരിന്റെ നിലനില്പിന് നിർണായകമായിരുന്ന ഉപതിരഞ്ഞെടുപ്പിൽ ആകെ 28 സീറ്റിൽ 19ലും ജയിച്ച് ബി.ജെ.പി ആധിപത്യം നിലനിറുത്തി.

27 സിറ്റിംഗ് സീറ്റുകളിൽ 9 എണ്ണം മാത്രമാണ് കോൺഗ്രസിന് നിലനിറുത്താനായത്.

ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം കോൺഗ്രസ് വിട്ടു വന്ന 25 മുൻ എം.എൽ.എമാർക്കും ബി.ജെ.പി ഉപതിരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകിയിരുന്നു. ഇവരിൽ 18പേർക്ക് മാത്രമാണ് അവരുടെ മുൻ മണ്ഡലങ്ങളിൽ ജയിക്കാനായത്. കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്ക് വന്നവർക്ക് ടിക്കറ്റ് നൽകിയതിൽ പ്രതിഷേധിച്ച വിമതൻമാർക്ക് ടിക്കറ്റ് നൽകിയ തന്ത്രം കോൺഗ്രസിന് 9 സീറ്റുകളിൽ തുണയായി. സുമാവോലി, ദാബ്ര, മൊറേന, ദിമാനി ഗോഹട്ട്, ഗ്വാളിയർ ഈസ്‌റ്റ്, കരീന, ബിയോറ, അഗാർ എന്നിവയാണ് കോൺഗ്രസ് ജയിച്ച മണ്ഡലങ്ങൾ.

 കമൽനാഥിനെ കുഴപ്പിച്ച ഇമർതി ദേവി തോറ്റു

കോൺഗ്രസ് നേതാവ് കമൽനാഥിനെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശാസനയ്‌ക്ക് വിധേനാക്കിയ 'ഐറ്റം" പരാമർശത്തിലൂടെ വാർത്തകളിൽ ഇടം നേടിയ ബി.ജെ.പി സ്ഥാനാർത്ഥി ഇമർതി ദേവി മദ്ധ്യപ്രദേശിലെ ദാബ്ര ഉപതിരഞ്ഞെടുപ്പിൽ തോറ്റു. കോൺഗ്രസിന്റെ സുരേഷ് രാജ് 7,633 വോട്ടുകൾക്കാണ് ഇമർതിയെ തോല്പിച്ചത്. സുരേഷ് രാജിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് കമൽനാഥ് ഐറ്റം പരാമർശം നടത്തിയത്. ബി.ജെ.പിയുടെ പരാതിയെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കമൽനാഥിനെ ശാസിക്കുകയും താര പ്രചാരക പദവി നീക്കുകയും ചെയ്‌തിരുന്നു,