ന്യൂഡൽഹി: ഇന്റർനെറ്റിലൂടെ ലോകം കീഴടക്കുന്ന ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്‌സ്,ഹോട്ട്സ്റ്റാർ, യു ട്യൂബ് തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ, വാർത്താ പോർട്ടലുകൾ, സാമൂഹ്യ മാദ്ധ്യമങ്ങൾ തുടങ്ങിയവയിലെ ഉള്ളടക്കം കർശനമായി നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ സെൻസർഷിപ്പിന്റെ വല വിരിച്ചു.
ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ സിനിമകൾ, ഓഡിയോ വിഷ്വൽ പരിപാടികൾ, വാർത്ത, വാർത്താധിഷ്ഠിത പരിപാടികൾ തുടങ്ങിയവയെ കേന്ദ്രവാർത്താ വിതരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാക്കി ചൊവ്വാഴ്ച രാത്രി രാഷ്ട്രപതി രാംനാഥ് കൊവിന്ദ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതിനായി ഭരണഘടനയുടെ 77 ( 3) വകുപ്പ് പ്രകാരം കേന്ദ്രസർക്കാരിന്റെ ബിസിനസ് ചട്ടം ഭേദഗതി ചെയ്‌തു.
ഓൺലൈൻ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാൻ സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി എത്തിയതിന് പിന്നാലെയാണ് സർക്കാർ നടപടി.
നിലവിൽ ഡിജിറ്റൽ ഉള്ളടക്കം നിയന്ത്രിക്കാൻ ഇന്ത്യയിൽ നിയമമോ സമിതികളോ ഇല്ലായിരുന്നു. ലൈംഗികതയും അക്രമങ്ങളും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ വർദ്ധിക്കുന്നതായി പരാതികളുണ്ട്. ഇവയെ നിയന്ത്രിക്കാൻ വാർത്താ വിതരണ മന്ത്രാലയത്തിന്റെ അധികാരം വിപുലീകരിക്കാൻ മേയ് 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശം നൽകിയിരുന്നു.
നിയന്ത്രണങ്ങൾ ഇങ്ങനെ
അമേരിക്കൻ കമ്പനികളായ നെറ്റ്ഫ്‌ളിക്‌സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്‌നി, ഹോട്ട്സ്റ്റാർ തുടങ്ങിയവയും ഓൺലൈൻ വാർത്താ പോർട്ടലുകളും സാമൂഹ്യമാദ്ധ്യമങ്ങളിലെ വാർത്തയും സർക്കാർ സെൻസറിംഗിന് വിധേയമാകും.
നെറ്റ്ഫ്‌ളിക്‌സും ആമസോൺ പ്രൈം വീഡിയോയും ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത് ഇവിടുത്തെ നിയമങ്ങൾ പാലിക്കണം.
ഇന്ത്യൻ ഒ.ടി.ടി കമ്പനികളായ എം.എക്‌സ് പ്ലെയർ, വൂട്ട്, ആൾട്ട് ബാലാജി, സീഫൈവ്, സൺ എൻ.എക്‌സ്.ടി, ഇറോസ് എന്നിവയ്‌ക്കും നിയന്ത്രണങ്ങൾ ബാധകമാണ്.
ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയവയിലെ വാർത്തകൾക്കും നിയന്ത്രണം
ഓൺലൈൻ മീഡിയ, ന്യൂസ് പോർട്ടലുകൾ, വിനോദ പോർട്ടലുകൾ, ഇൻഫോടെയ്‌ൻമെന്റ്, വാർത്ത, മീഡിയ അഗ്രഗേറ്റർ തുടങ്ങിയവയ്ക്കു പുതിയ നയം വരും
അച്ചടി, ദൃശ്യ മാദ്ധ്യമങ്ങളെ പോലെ ഓൺലൈൻ ഇൻഫർമേഷൻ മേഖലയെ നിർവചിക്കും.
വാർത്ത പോർട്ടലുകൾ രജിസ്ട്രാർ ഒഫ് ന്യൂസ് പേപ്പേഴ്‌സ് ഒഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്യണം. ഇതിനായി പുതിയ നിയമം കൊണ്ടു വരും. ബിൽ ഉടൻ കേന്ദ്ര മന്ത്രിസഭയ്ക്ക് മുന്നിലെത്തും.
അതുക്കും മേലേ ഒ.ടി.ടി.
പരമ്പരാഗത കേബിൾ, ഉപഗ്രഹ സംപ്രേഷണ ഉപാധികളെ മറികടന്ന് ഇന്റർനെറ്റിലൂടെ ടെലിവിഷൻ പ്രോഗ്രാമുകൾ പണംമുടക്കി വരിക്കാരായ പ്രേക്ഷകന് എപ്പോഴും എവിടെവച്ചും കാണാൻ പാകത്തിൽ ( വിഡിയോ ഓൺ ഡിമാൻഡ് ) എത്തിക്കുന്നവയാണ് ഓവർ ദ ടോപ് ( ഒ.ടി.ടി ) പ്ലാറ്റ്ഫോമുകൾ. സ്വന്തമായി സിനിമ, വെബ് സീരീസ്, ഡോക്യുമെന്ററി തുടങ്ങിയവ നിർമ്മിക്കാനും തുടങ്ങിയതോടെ ഇവ വൻ പ്രചാരം നേടി. കൊവിഡ് കാലത്ത് പുതിയ സിനിമകളുടെ റിലീസിംഗ് തുടങ്ങിയത് വലിയ കച്ചവടവുമായി.
ഓൺലൈനിൽ ചതിക്കപ്പെടാൻ സാദ്ധ്യതയുള്ള സ്ത്രീകളായിരിക്കും ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ. സെൻസർ ബോർഡിന്റെ സമ്മതമില്ലാതെ ഓൺലൈനിൽ ഇറങ്ങുന്ന സിനിമകളും അവഹേളിക്കാനായി ഉണ്ടാക്കുന്ന വാർത്തകളും മറ്റും നിയന്ത്രിക്കണം. ഒരു നിയമഭേദഗതി കൊണ്ട് എല്ലാമായെന്നു ധരിക്കരുത്. അത് നടപ്പാക്കാൻ സംവിധാനങ്ങൾ വേണം. സിനിമയ്ക്ക് സെൻസർ ബോർഡ് പോലെ. ഓൺലൈനിൽ തെറ്റു ചെയ്യുന്ന മാദ്ധ്യമങ്ങളെ ശിക്ഷിക്കാൻ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനുള്ള മാനദണ്ഡങ്ങൾ വേണം. അതെല്ലാം വഴിയെ ഉണ്ടാകും എന്നാശിക്കാം.
-ഡോ. പി. വിനോദ് ഭട്ടതിരിപ്പാട്, സൈബർ വിദഗ്ദ്ധൻ .