ന്യൂഡൽഹി: ആഭ്യന്തര ഉത്പാദന മേഖലയിലെ മുരടിപ്പ് മാറ്റാനും കയറ്റുമതി പ്രോത്സാഹിപ്പിക്കാനുമായി പത്ത് വ്യവസായമേഖലകൾക്ക് അഞ്ചു വർഷത്തേക്ക് 1.45 ലക്ഷംകോടി രൂപയുടെ ഇൻസെന്റീവ് നൽകാൻ കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അനുമതി. ഇലക്ട്രിക് വാഹനങ്ങളിലും ഉപകരണങ്ങളിലും ഉപയോഗിക്കുന്ന അഡ്വാൻസ് കെമിസ്ട്രി സെൽ (എ.സി.സി) നിർമ്മാണം (18,100 കോടി), ഇലക്ട്രോണിക്, സാങ്കേതിക ഉത്പന്നങ്ങളുടെ നിർമ്മാണം (5,000 കോടി), ഓട്ടോമൊബൈൽ, ഓട്ടോകമ്പോണന്റ്സ് (57,042 കോടി), ഫാർമസ്യൂട്ടിക്കൽ മരുന്ന് നിർമ്മാണം (15,000 കോടി), ടെലികോം, നെറ്റ്‌വർക്കിംഗ് ഉത്പന്നങ്ങൾ (12195 കോടി), ടെക്സ്റ്റൈൽ ഉത്പന്നങ്ങൾ (10,683 കോടി), ഭക്ഷ്യ ഉത്പന്നങ്ങൾ (10,900 കോടി), മികച്ച ക്ഷമതയുള്ള സൗരോർജ്ജ ഫോട്ടോവോൾട്ടായിക് മൊഡ്യൂളുകൾ (4,500കോടി), എസി, എൽ.ഇ.ഡി നിർമ്മാണം (62,38കോടി), സ്‌പെഷ്യാലിറ്റി സ്റ്റീൽ (6,322 കോടി) തുടങ്ങിയ മേഖലകൾക്കാണ് ഇൻസെന്റീവ് പ്രഖ്യാപിച്ചത്.
മികച്ച സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉത്പാദനം മെച്ചപ്പെടുത്താനും ആഗോളതലത്തിൽ മുന്നേറി കയറ്റുമതി രംഗത്ത് മികവു പ്രകടിപ്പിക്കാനും ഇൻസെന്റീവ് സഹായകമാകുമെന്ന് മന്ത്രിസഭാ തീരുമാനം അറിയിച്ച കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.