ഏറ്റവും ഉയർന്ന ഭൂരിപക്ഷം സി.പി.എം.എൽ സ്ഥാനാർത്ഥിക്ക്
ന്യൂഡൽഹി: അടുത്തകാലത്ത് രാജ്യം കണ്ട ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ബീഹാറിലേത്. നേരിയ ഭൂരിപക്ഷത്തിനാണ് പല സ്ഥാനാർത്ഥികളും കടന്നുകൂടിയത്. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം ഹിൽസ മണ്ഡലത്തിൽ -12 വോട്ട്. ജെ.ഡി.യുവിലെ കൃഷ്ണമുരാരി ശരൺ ആണ് ആർ.ജെ.ഡി സ്ഥാനാർത്ഥിയെ തോല്പിച്ചത്.
വലിയ ഭൂരിപക്ഷം ബൽറാംപൂരിലാണ്. സി.പി.ഐ.എം.എല്ലിന്റെ മെഹ്ബൂബ് ആലം 53,597 വോട്ടുകൾക്കാണ് എതിർസ്ഥാനാർത്ഥി വികാസ്ശീൽ ഇൻസാൻ പാർട്ടിയിലെ വരുൺകുമാർ ഝായെ തോൽപ്പിച്ചത്. ഇത് കൂടാതെ മൂന്ന് പേർക്ക് മാത്രമാണ് അരലക്ഷത്തിൽ കൂടുതൽ ഭൂരിപക്ഷം ലഭിച്ചത്.
ബ്രംപ്പുരിൽ ആർ.ജെ.ഡിയുടെ ശംഭുനാഥ് യാദവ് 51,141 വോട്ടിനും സന്ദേശിൽ ആർ.ജെ.ഡി.യുടെ കിരൺ ദേവി 50,607 വോട്ടിനും അമൗറിൽ എ.ഐ.എം.ഐ.എമ്മിന്റെ അക്തറുൾ ഇമാൻ 52,515 വോട്ടിനും ജയിച്ചു. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് രാഘോപൂരിൽ 38,174 വോട്ടിനും സഹോദരൻ തേജ്പ്രതാപ് യാദവ് ഹസൻപുരിൽ 21,000 വോട്ടിനും വിജയിച്ചു. വിഭൂതിപ്പുരിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം അജയ്‌കുമാർ 40,496 വോട്ടുകൾക്കും മാഞ്ചിയിൽ സി.പി.എമ്മിന്റെ സത്യേന്ദ്ര യാദവ് 25,386 വോട്ടിനുമാണ് വിജയിച്ചത്.
ബീഹാറിൽ ശിവസേന, എൻ.സി.പി സ്ഥാനാർത്ഥികളും ഒറ്റയ്ക്ക് മത്സരത്തിനുണ്ടായിരുന്നെങ്കിലും കെട്ടിവച്ച കാശുപോലും കിട്ടിയില്ല. നോട്ടയെക്കാൾ കുറവ് വോട്ടാണ് ശിവസേന സ്ഥാനാർത്ഥികൾക്ക് ലഭിച്ചത്. ഏഴുലക്ഷത്തിലധികം വോട്ടാണ് നോട്ടയ്ക്ക് കിട്ടിയത്.