ന്യൂഡൽഹി: ഏഴു മാസമായി കിഴക്കൻ ലഡാക്ക് അതിർത്തിയിൽ തുടരുന്ന സംഘർഷത്തിന് ശാശ്വത പരിഹാരമാകും വിധം മൂന്നുഘട്ടമായി സൈന്യങ്ങളെ പിൻവലിക്കാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തി.
നിയന്ത്രണരേഖയിൽ കഴിഞ്ഞ ഏപ്രിലിലെ തത്‌സ്ഥിതി നിലനിറുത്തണമെന്ന ഇന്ത്യയുടെ ആവശ്യം ചൈന അംഗീകരിച്ചെന്നാണ് സൂചന.
നവംബർ ആറിന് ചുഷൂലിൽ നടന്ന എട്ടാം റൗണ്ട് കമാൻഡർ തല കൂടിക്കാഴ്‌ചയിൽ നടന്ന ചർച്ച പ്രകാരം അടുത്തയാഴ്ച മുതൽ സേനാ പിൻമാറ്റം ആരംഭിച്ചേക്കും. ആദ്യ ഘട്ടത്തിൽ ഡെപസാംഗ് മേഖലയിൽ അടക്കം ചൈന അതിർത്തിയിൽ വിന്ന്യസിച്ച 400ഓളം ടാങ്കുകളും ട്രക്കുകൾ അടക്കം വാഹനങ്ങളും നിയന്ത്രണ രേഖയ്‌ക്ക് സമീപത്ത് നിന്ന് പിൻവലിക്കും.
രണ്ടാംഘട്ടത്തിൽ പാംഗോംഗ് തടാകത്തിന് വടക്ക് ഇപ്പോൾ ഫിംഗർ നാല് പ്രദേശത്ത് നിലയുറപ്പിച്ച ചൈനീസ് പട്ടാളം ഫിംഗർ എട്ടിലെ അവരുടെ സ്ഥിരം പോസ്റ്റിലേക്ക് മടങ്ങും. ഒരുദിവസം 30 ശതമാനം വച്ച് മൂന്നുദിവസത്തിനുള്ളിൽ സൈന്യത്തെ പഴയ സ്ഥാനത്തേക്ക് തിരിച്ചു കൊണ്ടുപോകും. ആനുപാതികമായി ഇന്ത്യൻ സേന ഫിംഗർ മേഖലയിലെ ധാൻസിംഗ് ഥാപാ പോസ്‌റ്റിലേക്കും മടങ്ങും.
ആഗസ്‌റ്റ് ഒടുവിൽ സംഘർഷമുണ്ടായ പാംഗോംഗ് തടാകത്തിന് തെക്ക് മേഖലയിലാണ് മൂന്നാം ഘട്ടത്തിലെ സൈനിക പിന്മാറ്റം ഉദ്യേശിക്കുന്നത്. ചുഷൂൽ, റെസാംഗ് ലാ മേഖലകളിൽ ഇരു സൈന്യവും ഇപ്പോൾ നിലയുറപ്പിച്ച സ്ഥലത്ത് നിന്ന് പിൻമാറാനാണ് ധാരണ.
മുമ്പ് സൈന്യത്തെ പിൻവലിക്കാൻ ധാരണയുണ്ടാക്കിയ ശേഷം ചൈന കാലുമാറിയ അനുഭവത്തിന്റെ വെളിച്ചത്തിൽ ചില കരുതൽ നടപടികൾ വേണമെന്നും ഇന്ത്യ നിർദ്ദേശിച്ചിട്ടുണ്ട്. ഗാൽവൻ താഴ്വരയിൽ നിയന്ത്രണ രേഖയിൽ ചൈനീസ് സൈന്യം മടങ്ങാതിരുന്നതിനെ ചൊല്ലിയാണ് ഒരു കമാൻഡിംഗ് ഓഫീസർ അടക്കം 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച ഏറ്റുമുട്ടലുണ്ടായത്. ഇതാവർത്തിക്കാതിരിക്കാൻ സൈനിക പിന്മാറ്റത്തിന്റെ പുരോഗതി രണ്ടുപക്ഷവും സംയുക്തമായി ചേർന്ന് വിലയിരുത്തും. ആളില്ലാ വിമാനങ്ങൾ ഉപയോഗിച്ച് പരിശോധന നടത്തി പരസ്‌പരം വിവരങ്ങൾ കൈമാറും.
ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിൽ ചർച്ച ചെയ്‌തുണ്ടാക്കിയ നിർദ്ദേശങ്ങൾ നവംബർ ആറിന്റെ കമാൻഡർ ചർച്ചയിൽ അവതരിപ്പിക്കാൻ ഡൽഹിയിൽ നിന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി നവീൻ ശ്രീവാസ്‌തവയും മിലിട്ടറി ഓപ്പറേഷൻസ് ഡയറക്‌ടർ ജനറൽ ഓഫീസിൽ നിന്ന് ബ്രിഗേഡിയർ ഘായും പോയിരുന്നു. ചൈന കടന്നുകയറ്റം നടത്തിയതിനെ തുടർന്ന് അതിർത്തിയിലുടനീളം ഇന്ത്യ 60,000ത്തോളം സൈനികരെയാണ് വിന്യസിച്ചത്.