pm

ന്യൂഡൽഹി: ഇന്ത്യയുടെ വികസനത്തിനാണ് തിരഞ്ഞെടുപ്പുകളിൽ ജനം വോട്ടു ചെയ്യുന്നതെന്ന് ബീഹാറിൽ തെളിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കേന്ദ്രത്തിന്റെയും എൻ.ഡി.എയുടെയും വികസന പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് തിരഞ്ഞെടുപ്പ് വിജയമെന്നും ബി.ജെ.പി ആസ്ഥാനത്തെ ആഘോഷത്തിൽ അദ്ദേഹം പറഞ്ഞു.

21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ വികസനത്തിനു വേണ്ടിയാണ് ബീഹാറിൽ ജനങ്ങൾ എൻ.ഡി.എക്കും ബി.ജെ.പിക്കും വോട്ടു ചെയ്‌തത്. യഥാർത്ഥ വിഷയം വികസനമാണെന്ന് മറ്റ് പാർട്ടികൾക്ക് സന്ദേശം നൽകുകയാണ് വോട്ടർമാർ. സബ് കാ സാത്ത് സബ് വികാസ്, സബ് കാ വിശ്വാസ് എന്ന എൻ.ഡി.എ മുദ്രാവാക്യം വോട്ടർമാർ ഉൾക്കൊണ്ടു.

കൊവിഡിനെതിരെ നടത്തിയ പോരാട്ടവും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. കൊവിഡിൽ നിന്ന് രക്ഷപ്പെട്ട ഓരോ ജീവനും ഇന്ത്യയുടെ വിജയകഥയാണ്. കേന്ദ്ര സർക്കാരിന്റെ പല പ്രധാന പദ്ധതികളും കൊവിഡ് കാലത്താണ് നടപ്പാക്കിയത്.

കുടുംബവാഴ്‌ച ജനാധിപത്യത്തിന് ആപത്താണെന്നും കോൺഗ്രസിനെയും ആർ.ജെ.ഡിയെയും ആക്രമിച്ച് മോദി പറഞ്ഞു. കാശ്‌മീർ മുതൽ കന്യാകുമാരി വരെ കുടുംബങ്ങൾ നടത്തുന്ന പാർട്ടികളുണ്ട്. അനേക വർഷം രാജ്യം ഭരിച്ച ഒരു പാർട്ടി ഒരു കുടുംബത്തിന്റെ നിയന്ത്രണത്തിലായത് നിർഭാഗ്യകരമാണ്. അതിനാൽ ബി.ജെ.പിയുടെ ഉത്തരവാദിത്വം കൂടുന്നു. ജെ.പി. നദ്ദയുടെ നേതൃത്വത്തിൽ പാർട്ടിക്ക് മുന്നോട്ട് നീങ്ങാം. പാവപ്പെട്ടവർക്കും അവഗണിക്കപ്പെട്ടവർക്കും കഷ്‌ടപ്പെടുന്നവർക്കും പ്രാതിനിധ്യമുള്ള ഏക ദേശീയ പാർട്ടിയാണ് ബി.ജെ.പി. ദളിതർക്കും പിന്നാക്കക്കാർക്കും വേണ്ടിയും നിലകൊള്ളുന്ന പാർട്ടിയാണിത്. രണ്ട് എംപിമാരും രണ്ട് മുറികളും മാത്രമുണ്ടായിരുന്ന ബി.ജെ.പി ഇന്ന് രാജ്യം മുഴുവനുമെത്തി.

കേന്ദ്ര പദ്ധതികളിലൂടെ പ്രയോജനം ലഭിച്ച സ്‌ത്രീകൾ പാർട്ടിയുടെ നിശബ്ദ വോട്ടർമാരാണ്. യുവാക്കൾ ബി.ജെ.പിയിലൂടെ രാജ്യസേവനം നടത്തണം.ബി.ജെ.പി പ്രവർത്തകരെ ഇല്ലാതാക്കി ഗൂഢലക്ഷ്യങ്ങൾ നിറവേറ്റാമെന്ന ചിലരുടെ മോഹം നടക്കില്ലെന്നും മരണത്തിന്റെ കളി ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും പശ്ചിമ ബംഗാളിലെ അക്രമങ്ങൾ പരാമർശിച്ച് മോദി പറഞ്ഞു.